ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ വിരാട് കോലി ഇന്ത്യ വിട്ടോ? ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കോലിയും കുടുംബവും യുകെയിൽ സ്ഥിരതാമസമാക്കുമെന്ന അഭ്യൂഹങ്ങൾ ഏതാനും വർഷങ്ങളായി നിലവിലുണ്ട്. കഴിഞ്ഞ ജൂണിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയാഘോഷം കഴിഞ്ഞു അധികം താമസിയാതെ ലണ്ടനിലുള്ള കുടുംബത്തെ കാണാൻ കോലി പോയിരുന്നു. കൂടാതെ യുകെയിൽനിന്നുള്ള കുടുംബ ചിത്രങ്ങളാണു കോലി പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
2023 ഡിസംബറിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതും യുകെയിലായിരുന്നു. വെസ്റ്റ് യോർക്‌ഷർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ 3 ഡയറക്ടർമാരിൽ രണ്ടുപേർ കോലിയും ഭാര്യ അനുഷ്ക ശർമയുമാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കു പുറത്ത് അധികമാരും തിരിച്ചറിയാതെ നടക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം വിരാട് കോലി പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. മക്കളെ സാധാരണ രീതിയിൽ വളർത്താനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തി, ജീവിതം ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുന്നുവെന്നാണ് കോലി കുടുംബത്തിന്റെ പ്രധാന പരാതി. കോലിയുടെ മകൻ അകായ് ജനിച്ചത് യുകെയിലെ ആശുപത്രിയിലാണ്.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഒഴിവാക്കി കോലി യുകെയിലേക്കു പോയെന്നും റിപ്പോർട്ടുകൾ ഉണ്ട്. കോലി യുകെയിൽ സ്ഥിരതാമസമാക്കുമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമയും ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.