

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 1–0 നു തോൽപിച്ച എവർട്ടൻ ടീം അംഗങ്ങൾ പരസ്പരം തമ്മിലടിച്ചു. കളി കാണാൻ ഇന്നലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെത്തിയ എവർട്ടൻ ആരാധകർ സ്വന്തം ടീമിലെ താരങ്ങൾ തമ്മിൽ തല്ലുന്നതുകണ്ട് ഞെട്ടി.
മത്സരത്തിൽ ആവേശജയം സ്വന്തമാക്കാൻ എവർട്ടനു സാധിച്ചെങ്കിലും ടീമിലെ ഡിഫൻഡർമാരായ ഇഡ്രിസ ഗനഗെയും മൈക്കൽ കീനും തമ്മിലുണ്ടായ അടിയായിരുന്നു ആരാധകർ കണ്ടത്.
മത്സരത്തിന്റെ 12–ാം മിനിറ്റിലായിരുന്നു എവർട്ടൻ താരങ്ങളുടെ തമ്മിലടി തുടങ്ങിയത്. യുണൈറ്റഡ് താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്ക് എവർട്ടന്റെ ബോക്സിനുള്ളിൽ എത്തിയപ്പോൾ ഇഡ്രിസ ഒരു ടാക്കിളിലൂടെ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇഡ്രിസ തട്ടിയകറ്റിയ പന്ത് ക്ലിയർ ചെയ്യാൻ മൈക്കൽ കീൻ ഒരു നിമിഷം ശങ്കിച്ചു. ഈ അവസരം മുതലെടുത്ത യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് പോസ്റ്റ് ലക്ഷ്യമാക്കി കിക്ക് തൊടുത്തു. പന്ത് ഗോളാകാതെ പുറത്തേക്കു പോയതിനു പിന്നാലെയാണ് ഇഡ്രിസയും കീനും കൊമ്പുകോർത്തത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്.
ഇതിനിടെ കീൻ, ഇഡ്രിസയെ പിടിച്ചുതള്ളി. മറുപടിയായി ഇഡ്രിസ കീനിന്റെ മുഖത്ത് അടിച്ചു. അതോടെ മറ്റു ടീമംഗങ്ങൾ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റി. പിന്നാലെ റഫറി എത്തി ഇഡ്രിസയ്ക്ക് റെഡ് കാർഡും നൽകി. 10 പേരായി ചുരുങ്ങിയെങ്കിലും വീറോടെ പൊരുതിയ എവർട്ടനു വേണ്ടി 29–ാം മിനിറ്റിൽ കീർനൻ ഡ്യൂസ്ബെറി ഹാളാണ് വിജയഗോൾ നേടിയത്.