"വിവാഹ മോചനം നേടിയെങ്കിലും അദ്ദേഹം എന്റെ ഭർത്താവായിരുന്ന ആളാണ്, ഇപ്പോഴും ബഹുമാനമുണ്ട്; ആർക്കാണു പണം ആവശ്യമില്ലാത്തത്"; ധനശ്രീ വർമ | Divorce Case

ഇന്ത്യൻ ക്രിക്കറ്റ് താരം യു‍സ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹ മോചനത്തെക്കുറിച്ചു പ്രതികരിച്ച് ഇൻഫ്ലുവൻസറും മോഡലുമായ ധനശ്രീ വർമ
Dhanashree
Published on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യു‍സ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ചു പ്രതികരിച്ച് ഇൻഫ്ലുവൻസറും മോഡലുമായ ധനശ്രീ വർമ. ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് മുൻ പങ്കാളിക്കെതിരെ ഒന്നും വിളിച്ചുപറയാതിരുന്നതെന്നു ധനശ്രീ ഒരു റിയാലിറ്റി ഷോയിൽ പറഞ്ഞു. കുടുംബമെന്ന സ്ഥാപനത്തോടു ബഹുമാനമുണ്ടെന്നും അതുകൊണ്ടാണ് ആരോപണങ്ങളിൽ ഒന്നും പ്രതികരിക്കാത്തതെന്നും വ്യക്തമാക്കി.

‘‘വിവാഹം കഴിഞ്ഞാല്‍ പങ്കാളിയോട് എപ്പോഴും ഉത്തരവാദിത്തവും ബഹുമാനവും വേണം. അങ്ങനെയാണു ഞാൻ കരുതുന്നത്. എനിക്ക് തോന്നിയതുപോലെ എന്തും വിളിച്ചു പറയാമായിരുന്നു. പക്ഷേ അതു ചെയ്തില്ല.’’– ധനശ്രീ പ്രതികരിച്ചു. ഒരുപാട് ആളുകളുമായി ബന്ധപ്പെടുത്തി തന്റെ പേര് ഉയർന്നു കേൾക്കാറുണ്ടെന്നും അതിലൊന്നും ഒരു കാര്യവുമില്ലെന്നും ധനശ്രീ പറഞ്ഞു.

"വിവാഹ മോചനം നേടിയെങ്കിലും അദ്ദേഹം എന്റെ ഭർത്താവായിരുന്ന ആളായിരുന്നു. അദ്ദേഹത്തോട് ഇപ്പോഴും ബഹുമാനമുണ്ട്. കോടതിയിൽ അദ്ദേഹം ഷുഗർ ഡാഡി എന്ന ടി ഷർട്ട് ധരിച്ചതിനെക്കുറിച്ചാണെങ്കിൽ പഞ്ചസാര എനിക്ക് ഇഷ്ടമല്ലെന്ന് എല്ലാവർക്കും അറിയാം. പഞ്ചസാര വേണ്ടെന്നു വച്ചെങ്കിലും പണം ഞാൻ വേണ്ടെന്നുവച്ചിട്ടില്ല. കാരണം പണം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ആർക്കാണു പണം ആവശ്യമില്ലാത്തത്.’’– ധനശ്രീ വ്യക്തമാക്കി.

വിവാഹമോചനക്കേസിനായി കോടതിയിലെത്തിയ ചെഹൽ ‘ഷുഗർ ഡാഡി’ എന്നെഴുതിയ ടി ഷർട്ട് ധരിച്ചത് വൻ ചർച്ചയായിരുന്നു. ചെഹൽ ഇപ്പോഴും മെസേജുകൾ അയക്കാറുണ്ടെന്നും മാ എന്നാണു തന്നെ വിളിക്കാറെന്നും ധനശ്രീ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിവാഹമോചനത്തിന്റെ ഭാഗമായി ചെഹൽ ധനശ്രീക്ക് നാലു കോടി രൂപ ജീവനാംശമായി നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com