
ലണ്ടൻ : ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ 2–1 നു തോല്പിച്ച് ചെൽസി. ചെൽസിയുടെ സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിജിൽ നടന്ന മത്സരത്തിൽ 14–ാം മിനിറ്റിൽ മോയിസെസ് കൈസെദോയുടെ ഗോളിൽ ചെൽസി ലീഡ് നേടി. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ ആതിഥേയർക്കു സാധിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ കോഡി ഗാക്പോയിലൂടെ (63–ാം മിനിറ്റ്) ലിവർപൂൾ തിരിച്ചടിച്ചു.
പിന്നാലെ വിജയഗോളിനായി ഇരു ടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് സ്കോർ നില 1–1 ആയി തുടർന്നു. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഇൻജറി ടൈമിന്റെ അവസാന നിമിഷത്തിൽ ബ്രസീലിയൻ കൗമാരതാരം എസ്റ്റീവോ (90+5) ചെൽസിയുടെ വിജയഗോൾ നേടിയത്.
ഈ വിജയത്തോടെ 7 മത്സരങ്ങളിൽ 11 പോയിന്റുമായി ചെൽസി ആറാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളിൽ 15 പോയിന്റുള്ള ലിവർപൂൾ രണ്ടാമതു തുടരുന്നു. 16 പോയിന്റുമായി ആർസനലാണ് ഒന്നാമത്.