
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ലോഡ്സ് ഗ്രൗണ്ടിൽ തുടക്കമാകുമ്പോൾ ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിലാണ് ഇന്ത്യ. എജ്ബാസ്റ്റനിലെ 336 റൺസിന്റെ കൂറ്റൻ ജയത്തിന്റെ തിളക്കത്തിലെത്തുന്ന ഇന്ത്യയ്ക്ക് പരമ്പരയിൽ ലീഡ് നേടാനുള്ള സുവർണാവസരമാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സോണി ടെൻ ചാനലിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കളി കാണാം.
രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിന് മികച്ച റെക്കോർഡുള്ള ഗ്രൗണ്ടാണ് ലോഡ്സിലേത്. ജൂണിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം ലോഡ്സിലെ കഴിഞ്ഞ 9 മത്സരങ്ങളിൽ അഞ്ചിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചിരുന്നു. അതുകൊണ്ട് ഇന്നു രണ്ടാമത് ബാറ്റിംഗ് ചെയ്യുന്ന ഇന്ത്യ വളരെ പ്രതീക്ഷയിലാണ്.
2021ലാണ് ഇരു ടീമുകളും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്. അന്ന് 151 റൺസിന്റെ ഉജ്വല വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 4 വർഷത്തിനിടെ ലോഡ്സിൽ 8 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് 4 വീതം ജയവും തോൽവിയുമായിരുന്നു ഫലം.