
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ, അഞ്ചാം ഏകദിനത്തിൽ വമ്പൻ തോൽവി വഴങ്ങിയതിന്റെ ഞെട്ടലിൽ ഇന്ത്യ. അഞ്ചാം മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണു ഇംഗ്ലണ്ട് നേടിയത്. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 31.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. 113 പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്. പരമ്പര 3–2 എന്ന നിലയിൽ അവസാനിപ്പിക്കാനും ഇംഗ്ലണ്ടിനു സാധിച്ചു.
അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ ക്യാപ്റ്റൻ ആയുഷ് മാത്രെ എട്ടാം പന്തിൽ പുറത്തായി. ഒരു റണ്ണാണ് ഇന്ത്യൻ ക്യാപ്റ്റൻ ആകെ നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ 21, പൂജ്യം, അഞ്ച്, ഒന്ന് എന്നിങ്ങനെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ താരത്തിന്റേത്.
ആരാധകരുടെ പ്രിയങ്കരനായ വൈഭവ് സൂര്യവംശിക്കും അവസാന മത്സരത്തിൽ വലിയ സ്കോർ നേടാൻ സാധിച്ചില്ല. ട്വന്റി20 ശൈലി വിട്ട് ഏകദിന ശൈലിയിലേക്കു ബാറ്റിങ് സ്റ്റൈൽ മാറ്റിയ സൂര്യവംശി 42 പന്തിൽ നേടിയത് 33 റൺസ്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടു സിക്സുകളും നേടിയത് വൈഭവായിരുന്നു. അർധ സെഞ്ചറി നേടിയ ആർ.എസ്. അംബരീഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 81 പന്തുകൾ നേരിട്ട അംബരീഷ് 66 റൺസടിച്ചു. പുറത്താകാതെനിന്ന അംബരീഷിന്റെ ചെറുത്തുനിൽപാണ് അവസാന ഓവറുകളിൽ ഇന്ത്യയെ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ ബെൻ മേയർസും (76 പന്തിൽ 82), ബി.ജെ. ഡോകിങ്സും (53 പന്തിൽ 66) ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചറി തികച്ചു. ക്യാപ്റ്റൻ തോമസ് റ്യൂവും (37 പന്തിൽ 49) തിളങ്ങിയതോടെ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.