ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം കരുൺ നായരും. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് കരുൺ നായരെ വീണ്ടും ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കാൻ കാരണം. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. പേസ് ബോളർ ജസ്പ്രീത് ബുമ്ര ടീമിലുണ്ടെങ്കിലും പരുക്ക് മൂലം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിച്ചില്ല. എന്നാൽ മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം പിടിക്കാനായില്ല.
ഐപിഎലിൽ ശുഭ്മൻ ഗില്ലിന്റെ വിശ്വസ്തനായ സായ് സുദര്‍ശനും ടീമിലുണ്ട്. സായ് പകരക്കാരന്‍ ഓപ്പണറുടെ റോളിലാകാനാണ് സാധ്യത. കുൽദീപ് യാദവ് മാത്രമാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവരും സ്പിന്നർമാരായുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും കഴിവു തെളിയിച്ചിട്ടും ശ്രേയസ് അയ്യരെ ടീമിലേക്കു പരിഗണിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമായ കരുൺ നായർ ഇന്ത്യയ്ക്കായി ടെസ്റ്റിൽ ആറു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ടെസ്റ്റിൽ അവസാനം ഇറങ്ങിയത്. അതിനു ശേഷം അവസരം ലഭിച്ചില്ല. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇറങ്ങിയെങ്കിലും ഒരു അർധ സെഞ്ചറി പോലും താരത്തിനു നേടാൻ സാധിച്ചില്ല. ഇതോടെയാണ് ടീമിനു പുറത്തായത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, വാഷിങ്ടന്‍ സുന്ദർ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.