
ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ പരിക്കു മൂലം ബെന്‍ സ്റ്റോക്‌സ് കളിക്കില്ല. സ്‌റ്റോക്‌സിന് പകരം ഒല്ലി പോപ്പ് ഇംഗ്ലണ്ടിനെ നയിക്കും. സ്റ്റോക്‌സിന്റെ അഭാവത്തിൽ ജേക്കബ് ബെഥേൽ ആറാം നമ്പറില്‍ ബാറ്റ് ചെയ്യും. ഇങ്ങനെ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇറങ്ങുന്നത്. ജോഫ്ര ആർച്ചർ, ബ്രൈഡൺ കാർസ്, ലിയാം ഡോസൺ എന്നിവരും ഓവലില്‍ കളിക്കില്ല. പകരം ഗസ് ആറ്റ്കിൻസൺ, ജോഷ് ടോങ്, ജാമി ഓവർട്ടൺ എന്നിവർ അന്തിമ ഇലവനിലെത്തി. മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ക്രിസ് വോക്‌സ് സ്ഥാനം നിലനിര്‍ത്തി.
തോളിനേറ്റ പരിക്കാണ് സ്റ്റോക്‌സിന് തിരിച്ചടിയായത്. സ്‌റ്റോക്‌സിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ താരം തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം, ബാറ്റിങിന് ഇറങ്ങിയപ്പോള്‍ സെഞ്ചുറിയും നേടി. 141 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്.
ഓവലില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ജോ റൂട്ടും, ബെഥേലും മാത്രമാണ് പാര്‍ട്ട് ടൈം ഓപ്ഷനുകള്‍. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത്, ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കാന്‍ അവസരമില്ല. അഞ്ചാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഇന്ത്യ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. പരിക്കേറ്റ ഋഷഭ് പന്ത് റിപ്പോർട്ട്. സൂചന. അര്‍ഷ്ദീപ് സിങും, കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനിലെത്തിയേക്കും. ആകാശ് ദീപും തിരിച്ചെത്തിയേക്കും. അന്‍ഷുല്‍ കാംബോജും, ശാര്‍ദ്ദുല്‍ താക്കൂറും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കും.