
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നേറ്റം. 225-2 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 332-2 എന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി ഒലീ പോപ്പും (123 പന്തിൽ 70), ജോ റൂട്ടുമാണ് (115 പന്തിൽ 63) ക്രീസിൽ. ഇന്ത്യയുടെ ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് 26 റൺസ് കൂടിയേ വേണ്ടൂ.
മൂന്നാം ദിനം ആദ്യ സെഷനിൽ ജസ്പ്രീത് ബുംറയെ കരുതലോടെ നേരിട്ട ഇംഗ്ലീഷ് താരങ്ങൾ മറ്റു ഇന്ത്യൻ താരങ്ങളെ ടാർഗെറ്റ് ചെയ്യുകയായിരുന്നു. റൂട്ടും പോപ്പും ബാസ്‌ബോൾ ശൈലിയിലേക്ക് മാറിയതോടെ സ്‌കോർ അതിവേഗം ഉയർന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല.
നേരത്തെ ഓപ്പണർമാരായ സാക് ക്രൗളിയുടേയും (84), ബെൻ ഡക്കറ്റിന്റേയും വിക്കറ്റാണ് നഷ്ടമയാത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 166 റൺസാണ് കൂട്ടിചേർത്തത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 358 റൺസിൽ ഓൾ ഔട്ടായിരുന്നു. 61 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്‌കോറർ. പരിക്കേറ്റ് മടങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഋഷഭ് പന്ത് 54 റൺസ് നേടി.