
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിന് പിന്നാലെ, ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന പേസ് ബോളറെ ടീമിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ അംഗമായിരുന്ന ഹർഷിത് റാണയെയാണ് ടീം മാനേജ്മെന്റ് ഒഴിവാക്കിയത്. താരത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നാണ് വിവരം. ആദ്യ ടെസ്റ്റിനുള്ള ടീമിൽ അംഗമായിരുന്നെങ്കിലും മത്സരത്തിൽ റാണ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിനായി ലീഡ്സിൽനിന്ന് ബർമിങ്ങാമിലേക്കു പോയ ഇന്ത്യൻ ടീമിനൊപ്പം ഹർഷിത് റാണ ഇല്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലണ്ട് പര്യടനത്തിനായി ആദ്യം പ്രഖ്യാപിച്ച 18 അംഗ ടീമിൽ ഹർഷിത് റാണ അംഗമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കമെന്ന നിലയിൽ ഇംഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യ എ ടീമിൽ ഹർഷിത് റാണയെ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീമുകൾ തമ്മിൽ നടത്തിയ പരിശീലന മത്സരത്തിൽ റാണ, ഇന്ത്യ എയ്ക്കായി കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഇന്ത്യൻ ടീമിൽ 19–ാമനായി ഉൾപ്പെടുത്തിയത്.
ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറുമായി അടുത്ത ബന്ധം പുലർത്തുന്ന റാണ, ഈ ബന്ധത്തിന്റെ ബലത്തിലാണ് ടീമിന്റെ ഭാഗമായതെന്ന് വിമർശനമുയർന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത അൻഷുൽ കംബോജ് ഉൾപ്പെടെയുള്ളവരെ തഴഞ്ഞ് റാണയെ ടീമിൽ ഉൾപ്പെടുത്തിയതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.