
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം മികച്ച തുടക്കമാണ് മലയാളി താരം കരുൺ നായർ കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ മുൻനിര തകര്‍ന്നപ്പോൾ അർധ സെഞ്ചറിയുമായി ഇന്ത്യക്ക് കരുത്തേകിയത് കരുൺ നായരാണ്. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 64 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് ഇന്ത്യ. 98 പന്തുകളിൽനിന്ന് 52 റൺസെടുത്തു കരുൺ നായർ പുറത്താകാതെ നിൽക്കുകയാണ്.
ആദ്യ ദിനം ഇംഗ്ലണ്ട് താരത്തിനു പരുക്കേറ്റപ്പോൾ, ഓടിയെടുക്കാമായിരുന്ന റൺ വേണ്ടെന്നു വച്ചും കരുൺ നായർ ഓവലിലെ ആരാധകരുടെ കയ്യടി നേടി. ആദ്യ ദിനം ബൗണ്ടറി തടയുന്നതിനിടെയാണ് ഇംഗ്ലിഷ് താരം ക്രിസ് വോക്സിന് മുതുകിനു പരുക്കേറ്റത്. കരുൺ നായർ അപ്പോഴേക്കും മൂന്നു റൺ ഓടിയെടുത്തിരുന്നു. നാലാമതൊരു റൺ കൂടി എടുക്കാമായിരുന്നിട്ടും ഇംഗ്ലണ്ട് ഫീൽഡർക്കു പരുക്കേറ്റതോടെ കരുൺ അതു വേണ്ടെന്നുവച്ചു. ഓടരുതെന്ന് വാഷിങ്ടന്‍ സുന്ദറിനു നിർദേശം നൽകുകയും ചെയ്തു. കരുണിന്റെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതാണ് ശരിയായ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന് ആരാധകർ പറയുന്നു.
ഫീൽഡിങ്ങിനിടെ ഗ്രൗണ്ടിൽ വീണ ക്രിസ് വോക്സ് വേദന കാരണം ഗ്രൗണ്ടിൽ തന്നെ കിടക്കുകയായിരുന്നു. മെഡിക്കൽ സംഘമെത്തിയാണ് ക്രിസ് വോക്സിനെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ച ഒരേയൊരു ഇംഗ്ലണ്ട് പേസ് ബോളറാണ് വോക്സ്. താരത്തിനു പരുക്കേറ്റതോടെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയ സാധ്യതകൾക്കും മങ്ങലേറ്റു.