
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിന പോരാട്ടത്തിൽ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, വാഷിങ്ടൻ സുന്ദർ എന്നിവർ അതിവേഗം മടങ്ങിയപ്പോൾ ഇന്ത്യയെ കൂടുതൽ സമ്മർദത്തിലാക്കാൻ കൈവിട്ട കളികൾവരെ ഇംഗ്ലിഷ് ബോളർമാർ നടത്തി. ഓടുന്നതിനിടെ രവീന്ദ്ര ജഡേജയെ തടയാൻ ഇംഗ്ലിഷ് പേസർ ബ്രൈസൻ കാഴ്സ് ശ്രമിച്ചതോടെ ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായി. ബ്രൈഡൻ കാഴ്സിന്റെ 35–ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.
പന്തു നേരിട്ട ജഡേജ ഓടുന്നതിനിടെ ബ്രൈഡൻ കാഴ്സ് ഇന്ത്യൻ ബാറ്ററുടെ കഴുത്തിൽ കയ്യിട്ട് തടയാൻ ശ്രമിക്കുകയായിരുന്നു. ബ്രൈഡന്‍ കാഴ്സിന്റേത് ബോധപൂർവമുള്ള നീക്കമാണെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ബ്രൈഡൻ കാഴ്സിനെ തട്ടിമാറ്റിയ ജഡേജ രണ്ടു റൺസ് ഓടിയെടുത്ത ശേഷം ഇംഗ്ലിഷ് പേസറോട് രൂക്ഷഭാഷയിൽ സംസാരിച്ചു. മറുവാക്കുകളുമായി ബ്രൈഡൻ കാഴ്സും തിരിച്ചടിച്ചതോടെ രംഗം വഷളായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇടപെട്ടാണ് രണ്ടു താരങ്ങളെയും അനുനയിപ്പിച്ചത്.
മത്സരത്തിൽ 181 പന്തുകൾ നേരിട്ട ജഡേജ 61 റൺസെടുത്തു പുറത്താകാതെ നിന്നെങ്കിലും ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഒരു സിക്സും നാലു ഫോറുകളുമാണു ജഡേജ ബൗണ്ടറി കടത്തിയത്. ജസ്പ്രീത് ബുമ്ര (54 പന്തിൽ 5 ), മുഹമ്മദ് സിറാജ് (30 പന്തിൽ 4 ) എന്നിവർ പരമാവധി പ്രതിരോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170 റൺസടിച്ചാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായത്. 22 റൺസ് വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2–1ന് മുന്നിലെത്തി.