
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ അവസാന നിമിഷങ്ങളിൽ ബാറ്റിങ്ങിന് ഇറങ്ങാൻ ഇംഗ്ലണ്ടിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ. ഇന്ത്യൻ നിരയിൽ പത്താമനായി വാഷിങ്ടൻ സുന്ദറിനെ ജോഫ്ര ആർച്ചർ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായത്. അതുകൊണ്ടുതന്നെ വിക്കറ്റെടുത്തു പോയല്ലോ എന്ന നിരാശയിലായിരുന്നു ജോഫ്ര ആർച്ചറെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.
‘‘ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര രണ്ടര ടെസ്റ്റുമായി ഏതാണ്ട് കൃത്യം പാതിവഴിയിൽ നിൽക്കുമ്പോൾ ഇരു ടീമുകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും കാണാനില്ല എന്നതാണ് വാസ്തവം. ഇന്നത്തെ അവസാന സെഷനിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പരമാവധി ഒറ്റ ഓവർ കളിച്ച് തിരിച്ചുകയറാനായിരുന്നു ആഗ്രഹം. ഒരുപക്ഷേ ഒറ്റ ഓവർ പോലും കളിക്കാതിരിക്കുന്നതായിരുന്നു അവർക്ക് കൂടുതൽ ഇഷ്ടം.’ – കുംബ്ലെ പറഞ്ഞു.
‘‘പക്ഷേ, ഇന്ത്യ ഓൾഔട്ടായതോടെ അവർ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു. ഇന്ത്യയുടെ അവസാന വിക്കറ്റെടുത്ത ജോഫ്ര ആർച്ചർ പോലും വിക്കറ്റെടുത്തു പോയല്ലോ എന്ന നിരാശയിലായിരുന്നു. എന്തായാലും ഇനിയുള്ള രണ്ടു ദിവസവും മത്സരം ആവേശകരമാകുമെന്ന് തീർച്ചയാണ്." – അനിൽ കുംബ്ലെ കൂട്ടിച്ചേർത്തു.
മൂന്നാം ദിനം അവസാന സെഷനിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാർ, സമയം പാഴാക്കാനായി പുറത്തെടുത്ത തന്ത്രങ്ങൾ ഇരു ടീമുകളും തമ്മിലുള്ള വാക്പോരിനു കാരണമായി. ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവർ നേരിട്ട ഓപ്പണർ സാക് ക്രൗളിയാണ് സമയം കളയാൻ ബോധപൂർവം ശ്രമിച്ചത്. ബോളർ പന്തെറിയാനെത്തുമ്പോൾ സ്റ്റംപിനു മുന്നിൽനിന്ന് മാറിനിന്നും, ഓരോ പന്തും നേരിടാൻ പതിവിലും ‘ഒരുക്കം’ നടത്തിയും ക്രൗളി സമയം കളയാൻ ശ്രമിച്ചതോടെ ഇന്ത്യൻ താരങ്ങൾ പ്രകോപിതരായി. ഈ സാഹചര്യത്തിലാണ് അനിൽ കുംബ്ലെയുടെ പ്രതികരണം.