
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും സെഞ്ചറിയോട് അടുത്ത് നിൽക്കെ കളി നിർത്താനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ശ്രമത്തെ ‘ഇരട്ടത്താപ്പ്’ എന്ന് വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. ജഡേജ 89ലും സുന്ദർ 80ലും എത്തിയപ്പോഴാണ് സ്റ്റോക്സ് കളി നിർത്താൻ നിർദേശിച്ചത്. എന്നാൽ, കളി തുടരണമെന്നു പറഞ്ഞ ജഡേജയോട് ‘ബ്രൂക്കിനും ഡക്കറ്റിനുമെതിരെയാണ് സെഞ്ചറി നേടാൻ പോകുന്നത്’ എന്നു പറഞ്ഞതും ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്ന് അശ്വിൻ കുറ്റപ്പെടുത്തി.
രണ്ടു സെഷൻ മുഴുവൻ ഇംഗ്ലിഷ് ബോളർമാരെ ചെറുത്തുനിന്ന ജഡേജയും വാഷിങ്ടനും അർഹമായ സെഞ്ചറിയോടടുത്തപ്പോൾ അതു തടയാൻ സ്റ്റോക്സ് നടത്തിയ ശ്രമത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറും വിമർശിച്ചു. സ്റ്റോക്സിന്റെ ധിക്കാരം, മുഴുവൻ ഓവറും കളിച്ച് ഇന്ത്യ തകർക്കണമായിരുന്നുവെന്നും അശ്വിനും ഗാവസ്കറും പറഞ്ഞു.
ഇംഗ്ലണ്ടിന്റെ രണ്ടു മുൻ ക്യാപ്റ്റന്മാരും സ്റ്റോക്സിന്റെ നീക്കത്തെ വിമർശിച്ചു. കളി തുടരാനുള്ള ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും തീരുമാനം ശരിയായിരുന്നുവെന്നും അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്കിത് ഗുണകരമാകുമെന്നും അലസ്റ്റയർ കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിന്റെ നിരാശ മനസ്സിലാക്കാനാവുമെങ്കിലും സ്റ്റോക്സിന്റെ നീക്കത്തെ ‘ബാലിശം’ എന്നാണ് നാസർ ഹുസൈൻ വിശേഷിപ്പിച്ചത്.
'ബ്രൂക്കിനെക്കൊണ്ട് പന്തെറിയിച്ച് അവരുടെ നേട്ടത്തെ നിസ്സാരവൽകരിക്കാൻ സ്റ്റോക്സ് ശ്രമിച്ചത് വളരെ മോശമായിപ്പോയി' - നാസർ ഹുസൈൻ പറഞ്ഞു. ഓസ്ട്രേലിയയുടെ മുൻ കീപ്പർ ബാറ്റർ ബ്രാഡ് ഹാഡിനും സ്റ്റോക്സിനെ വിമർശിച്ചു.