
ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനത്തിൽ ഇരു ടീമുകൾക്കും നിര്ണായകമായതിനാൽ ത്രില്ലർ പോരാട്ടമായിരിക്കും നടക്കുക. മഴ കാരണം നാലാം ദിവസത്തെ കളി അവസാനിപ്പിച്ചതോടെയാണ് മത്സരം അഞ്ചാം ദിനത്തിലേക്കു നീണ്ടത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് വിജയത്തിലേക്കെത്താൻ ഇനി 35 റൺസ് മാത്രം. അതേസമയം, ഇന്ന് നാലു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാം.
രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും ഇന്നിങ്സുകളാണ് ഞായറാഴ്ച കളി ഇംഗ്ലണ്ടിന്റെ കയ്യിലെത്തിച്ചത്. 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്. 106 ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇംഗ്ലിഷ് മധ്യനിരയില്‍ ഇനിയും ആളുകളുണ്ട്. ജെയ്മി സ്മിത്തും (രണ്ട്), ജെയ്മി ഓവർടനും പുറത്താകാതെ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ അഞ്ചാം ദിനം ത്രില്ലറിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.