‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ’; ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിനെ ശകാരിച്ച ഫോർടിസിനോട് കയർത്ത് ​ഗംഭീർ- വീഡിയോ | Oval Test

'ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു അല്ലല്ലോ? ക്രിക്കറ്റ് പിച്ചല്ലേ?'; ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു
Goutam
Published on

ഇന്ത്യാ- ഇം​ഗ്ലണ്ട് ടെസ്റ്റ് ആരംഭിച്ചപ്പോൾ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. പിച്ചിനെ ചൊല്ലിയാണ് പുതിയ വിവാദം. അഞ്ചാം ടെസ്റ്റിനു വേദിയാകുന്ന ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ ചീഫ് ക്യുറേറ്റർ ലീ ഫോർടിസുമായി ഗൗതം ഗംഭീർ ഉടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ, സംഭവത്തിന്റെ യഥാർഥ ചിത്രവും പുറത്ത് വന്നു. പരിശീലനത്തിനിടെ പ്രധാന പിച്ചിൽനിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് നിർദേശിച്ചതാണ് തർക്കത്തിനു കാരണമെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. ഇന്നലെ പരിശീലനത്തിനിടെയാണ് ഗംഭീർ ഫോർടിസുമായി കൊമ്പുകോർത്തത്.

‘‘ഞങ്ങൾ പിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ വന്ന് പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്നും പിച്ചിനു ചുറ്റും കെട്ടിയ കയർ മറികടക്കരുതെന്നും ആവശ്യപ്പെട്ടത്. ആ സമയത്തു ഞങ്ങളാരും സ്പൈക്സ് ഷൂസ് ധരിച്ചല്ല പിച്ചിന് അടുത്തേക്ക് പോയത്. സാധാരണ ചെരിപ്പായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന് ഒരു പ്രശ്നവും സംഭവിക്കാൻ സാധ്യതയുമില്ല. എന്നിട്ടും ഗ്രൗണ്ട് സ്റ്റാഫ് എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾക്കറിയില്ല. ഇതുവരെ മറ്റൊരു ഗ്രൗണ്ടിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല." - സിതാൻഷു പറഞ്ഞു.

അതിനുശേഷം ഇന്ത്യൻ സംഘം നെറ്റ്സിലേക്കു മടങ്ങി. ഈ സമയം ഗ്രൗണ്ടിലേക്ക് 10 കിലോയുടെ കൂളിങ് ബോക്സുമായി പ്രവേശിച്ച ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിനെ ഫോർടിസ് ശകാരിച്ചതു കണ്ടതോടെ ഗംഭീർ പ്രകോപിതനായി. കൂളിങ് ബോക്സുമായെത്തിയ ഇന്ത്യൻ സ്റ്റാഫിനോട് ഫോർടിസ് ഒച്ചയിട്ടതോടെയാണ് ഗംഭീർ വീണ്ടും തിരിച്ചടിച്ചത്. അനധികൃതമായി പിച്ചിൽ പ്രവേശിച്ചത് താൻ റിപ്പോർട്ട് ചെയ്യുമെന്നു കൂടി ഫോർടിസ് ഭീഷണി മുഴക്കിയതോടെ ഗംഭീറിന്റെ സമനില വിട്ടു. പിന്നാലെ ഞാൻ എന്തുചെയ്യണമെന്ന് താങ്കൾ പഠിപ്പിക്കണ്ട എന്നായിരുന്നു ​ഗംഭീറിന്റെ മറുപടി.

‘‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട. നിങ്ങൾ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണ്. നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’ എന്ന് ഗംഭീർ ഫോർടിസിനോടു പറയുന്നതു പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. ഇതോടെ സംഭവം റിപ്പോർട്ട് ചെയ്യുമെന്ന് ഫോർടിസ് ഭീഷണി മുഴക്കിയതായി സിതാൻഷു വെളിപ്പെടുത്തുന്നു.

ഇതു കേട്ടപ്പോൾ, ഗംഭീർ കൂടുതൽ കുപിതനായി. ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനോട് ഈ വിധത്തിൽ സംസാരിക്കരുതെന്ന് ക്യുറേറ്ററോട് ആവശ്യപ്പെട്ടു. 'ടീമിന്റെ ഭാഗമായിരിക്കുന്ന ആളുകളോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ മുഖ്യ പരിശീലകൻ ഇടപെടുന്നത് സ്വാഭാവികമല്ലേ? ടീമംഗങ്ങളായാലും സപ്പോർട്ട് സ്റ്റാഫ് ആയാലും മുഖ്യ പരിശീലകനു കീഴിൽ വരുന്നവരാണ്.’ – സിതാൻഷു ചൂണ്ടിക്കാട്ടി.

‘‘ഈ രംഗത്ത് മികവു തെളിയിച്ച, ബുദ്ധിയുള്ള ആളുകളോടാണ് ഇടപെടുന്നതെന്ന ഓർമ ക്യുറേറ്റേഴ്സിനും വേണം. ഞങ്ങളും പ്രഫഷനൽസാണ്. പിച്ചിനു കേടുവരുത്താതെ സൂക്ഷിക്കണമെന്ന് മറ്റാരേക്കാളും നന്നായി ഞങ്ങൾക്കറിയാം. അതുകൊണ്ട് ആരും സ്പൈക്സ് ധരിച്ചല്ല പോയത്. പിച്ചിന് ഒന്നും സംഭവിച്ചിട്ടുമില്ല. പിച്ചിന്റെ കാര്യത്തിൽ സൂക്ഷ്മത നല്ലതാണ്, പക്ഷേ പെരുമാറ്റം അരോചകമാകരുത്." - സിതാൻഷു പറഞ്ഞു.

"ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ. രണ്ടു ദിവസം കഴിഞ്ഞാൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മത്സരം നടക്കുന്നത് ഇവിടെയല്ലേ. അവിടെ കളിക്കാർ ഡൈവ് ചെയ്യും, തലങ്ങും വിലങ്ങും ഓടും… ഇതെല്ലാം ചെയ്യും. അങ്ങനെയുള്ള ​ഗൗണ്ടിൽ തൊടരുതെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നു മനസിലാകുന്നില്ല." -സിതാൻഷു കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com