

2027 ലെ ഏകദിന ലോകകപ്പിൽ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോലിയും കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റും ടി20യും മതിയാക്കിയ ഇരുവരും ഏകദിനത്തിൽ മാത്രമാണ് സജീവമായിട്ടുള്ളത്. എന്നാൽ ഏകദിന ടീമിൽ കളിക്കണമെങ്കിൽ ആഭ‍്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് താരങ്ങളോട് ടീം മാനേജ്മെന്‍റ് വ‍്യക്തമാക്കിയത് വലിയ ചർച്ചയായിരുന്നു.
ഈ സാഹചര്യത്തിൽ, ഇരുവരെയും 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ നിന്നും ഒഴിവാക്കരുതെന്ന് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനോട് അപേക്ഷിച്ചിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം എസ്. ശ്രീശാന്ത്.
പരിശീലകനെന്ന നിലയിൽ ആരെയും തടയരുതെന്നും അവർ കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാൻ അനുവദിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. രോഹിത്തിനെയും കോലിയെയും ഒരു കാരണവശാലും ടീമിൽ നിന്നും ഒഴിവാക്കരുതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ വന്നപ്പോൾ ഇരുവരും വിരമിക്കണമെന്നുവരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ ബാറ്റുകൊണ്ടാണ് ഇരുവരും മറുപടി നൽകിയത്.