ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ബോളിങ്ങിനിടെ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കളിയാക്കി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ജഡേജ ബെൻ ഡക്കറ്റിനെതിരെ ലെഗ് സൈഡിൽ വൈഡായി എറിഞ്ഞ പന്ത് ഡൈവ് ചെയ്ത് പിടിച്ച ശേഷമായിരുന്നു ‘തന്റെ പേരിൽ ഫോർ ഉണ്ടാക്കിക്കൊടുക്കരുത്' എന്ന് ഋഷഭ് തമാശരൂപേണ താക്കീത് നൽകിയത്. ‘‘ഞാനും കളിക്കുകയാണ്, സഹോദരാ, നിങ്ങളുടെ പന്ത് ബൗണ്ടറി പോകാതിരിക്കാൻ എനിക്ക് ഫോര്‍ തരരുത്.’’– ഋഷഭ് പന്ത് പറഞ്ഞു.
ബെൻ ഡക്കറ്റ് അടുത്ത പന്ത് പ്രതിരോധിച്ചപ്പോൾ ഇംഗ്ലിഷ് ബാറ്റർ പൂർണമായും ആശയക്കുഴപ്പത്തിലാണെന്നും ഉടൻ പുറത്താകുമെന്നും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ജഡേജയോടു പറയുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 62 റൺസെടുത്ത ബെൻ ഡക്കറ്റിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്.
മത്സരത്തിന്റെ രണ്ടാം ദിനം ഒൻപത് ഓവറുകൾ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 26 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ ഋഷഭ് പന്ത് സെഞ്ചറി നേടിയിരുന്നു.