ഇന്ത്യൻ പ്രിമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിനെ 1990കളിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും, ഡൽഹി താരം കെ.എൽ. രാഹുലിനെ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുമായും താരതമ്യം ചെയ്ത ആൾക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ഇന്ത്യൻ പ്രിമിയർ ലീഗുമായി ബന്ധപ്പെട്ട ഒരു ചാനൽ ഷോയ്‌ക്കിടെയായിരുന്നു സംഭവം. രാഹുലിനെ സച്ചിനുമായി ഇത്തരത്തിൽ താരതമ്യം ചെയ്താൽ താൻ ഷോയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന് അതുൽ വാസൻ തുറന്നടിച്ചു.
ഷോയിൽ, ഒരാൾ സച്ചിനെയും രാഹുലിനെയും താരതമ്യം ചെയ്തു. 1990 കളിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയാണ് ഡൽഹി ക്യാപിറ്റൽസിന് എന്നായിരുന്നു അയാളുടെ നിരീക്ഷണം. സച്ചിൻ പുറത്തായാൽ ആരാധകർ ടിവി ഓഫ് ചെയ്തിരുന്ന അന്നത്തെ പ്രശസ്തമായ ശൈലി പോലെ, രാഹുൽ പുറത്തായാൽ ഡൽഹിയുടെ കളി തുടർന്നു കാണാതെ ആരാധകർ ടിവി ഓഫ് ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ്, രാഹുൽ – സച്ചിൻ താരതമ്യം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് തുറന്നടിച്ച് അതുൽ വാസൻ ഇറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയത്. "കെ.എൽ. രാഹുലിനെയും സച്ചിൻ തെൻഡുൽക്കറിനെയും ഇത്തരത്തിൽ താരതമ്യപ്പെടുത്താനാണ് ശ്രമമെങ്കിൽ, ഞാൻ ഇറങ്ങിപ്പോകും. കെ.എൽ. രാഹുൽ പുറത്താകുന്നതുകൊണ്ട് ടിവി ഓഫ് ചെയ്യുന്നുവെന്നോ? ആരാണ് അങ്ങനെ ചെയ്യുന്നത്?" – അതുൽ വാസൻ ചോദിച്ചു.
രാഹുൽ ഉൾപ്പെടുന്ന ഡൽഹി ടീമിന്റെ ആരാധകരാണെന്ന് അവതാരകൻ വിശദീകരിച്ചെങ്കിലും, ഡൽഹി ക്യാപിറ്റൽസിന് ഉറച്ച ആരാധകർ പോലുമില്ലെന്നായിരുന്നു വാസന്റെ പ്രതികരണം. അതേസമയം, രാഹുലിന്റെ ബാറ്റിങ് മികവിനെ വാസൻ പുകഴ്ത്തുകയും ചെയ്തു. ലക്ഷണമൊത്ത ബാറ്ററാണ് രാഹുലെന്ന് വാസൻ വിശേഷിപ്പിച്ചു.
ഐപിഎൽ പതിനെട്ടാം സീസണിൽ രാഹുലിന്റെ ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. എന്നാൽ, ഇന്നലെ നടന്ന അവസാന മത്സരത്തിൽ അവർ പ്ലേഓഫ് ഉറപ്പിച്ച പഞ്ചാബ് കിങ്സിനെ തോൽപ്പിക്കുകയും ചെയ്തു.