
25–ാം ഗ്രാൻസ്‌ലാം കിരീടനേട്ടത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനി 3 വിജയങ്ങൾ മാത്രം. ഇന്നലെ നടന്ന വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനോറിനെ 1–6, 6–4, 6–4, 6–4 നു തോൽപിച്ച സെർബിയൻതാരം ക്വാർട്ടർ ഫൈനലിൽ കടന്നു. വിമ്പിൾഡനിൽ ജോക്കോയുടെ 101–ാം ജയമാണിത്. 16–ാം തവണയാണ് ജോക്കോ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്.
ആദ്യ സെറ്റ് ഡിമിനോർ 6–1ന് നേടി. രണ്ടാം സെറ്റ് ആവേശത്തോടെ കളിച്ച ജോക്കോ 6–4നു സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റും ജോക്കോ 6–4ന് പിടിച്ചെടുത്തതോടെ മത്സരം നാലാം സെറ്റിൽ തീരുമെന്നായി. എന്നാൽ, നാലാം സെറ്റിൽ രണ്ടും കൽപിച്ചിറങ്ങിയ ഡിമിനോർ 4–1ന് ലീഡ് ചെയ്തതോടെ മത്സരം വീണ്ടും ആവേശത്തിലായി. പക്ഷേ, ജോക്കോ വീണ്ടും തിരിച്ചുവന്നു. 6–4ന് സെറ്റും മത്സരവും സ്വന്തമാക്കി.
പുരുഷ സിംഗിൾസിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബൊല്ലിയും ക്വാർട്ടർ ഫൈനലിൽ കടന്നു. ക്രൊയേഷ്യയുടെ മഹിൻ ചിലച്ചിനെയാണ് പ്രീക്വാർട്ടറിൽ കൊബൊല്ലി തോൽപിച്ചത് (6–4, 6–4, 6–7, 7–6). വനിതാ സിംഗിൾസിൽ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക്, യുഎസ് താരം അമാൻഡ അനിസിമോവ എന്നിവരും ക്വാർട്ടറിലെത്തി.