
ഇന്നലെ നടന്ന ലിവര്‍പൂള്‍ - അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തില്‍ ലിവര്‍പൂള്‍ ആരാധകനുമായുണ്ടായ സംഘർഷത്തില്‍ ഖേദം പ്രകടിപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമയോണി. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 92 ആം മിനുട്ടില്‍ പ്രതിരോധ താരം വാന്‍ഡൈക്കിന്റെ ഗോളിലാണ് ലിവര്‍പൂള്‍ വിജയിച്ചത്.
വാന്‍ഡൈക്ക് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയതിനു പിന്നാലെ ലിവര്‍പൂള്‍ ആരാധകരുമായി സൈഡ്‌ലൈനില്‍ വെച്ച് സിമയോണി ഏറ്റുമുട്ടി. തുടര്‍ന്ന് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു. ലിവര്‍പൂള്‍ ആരാധകര്‍ തന്നെ പ്രകോപിപ്പിച്ചതായി ഫോര്‍ത്ത് ഒഫീഷ്യലിനോട് സിമിയോണി പരാതിപ്പെട്ടിരുന്നു.
"ഇന്നത്തെ സംഘർഷത്തിൽ ഞാന്‍ വഹിച്ച പങ്കില്‍ ഖേദിക്കുന്നു. ഞങ്ങള്‍ക്ക് പ്രതികരിക്കാവുന്ന സാഹചര്യമായിരുന്നില്ല എന്ന് വ്യക്തമായിരുന്നു. ഞങ്ങള്‍ പ്രതികരിക്കുന്നത് ശരിയുമല്ല. അവര്‍ മൂന്നാമത്തെ ഗോള്‍ നേടിയ സമയത്ത് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാളെന്നെ അപമാനിച്ചു. ഞാനും ഒരു മനുഷ്യനാണ്."- സംഭവത്തെ പറ്റി സിമിയോണി പറഞ്ഞു.