
ദുബായ്: എക്കാലത്തും ക്രിക്കറ്റിലെ ആവേശമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ചിരവൈരികൾ തമ്മിലുള്ള പോരാട്ടം ഒരു കായിക മത്സരത്തേക്കാളുപരി വിവിധ തലങ്ങളിൽ ചർച്ചയാകാറുമുണ്ട്. താരങ്ങൾക്ക് ആവേശം പകർന്ന് തിങ്ങിനിറഞ്ഞ ഗാലറികളും ഇന്ത്യ– പാക്ക് മത്സരങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ ഏഷ്യാകപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇത്തവണ വേണ്ടത്ര വിറ്റുപോയിട്ടില്ലെന്നാണ് വിവരം. വിഐപി ടിക്കറ്റുകളടക്കം പലതും ഇനിയും വിറ്റുപോയിട്ടില്ല.
ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ, വിഐപി സ്യൂട്ട്സ് ഈസ്റ്റിലെ ഒരു ജോഡി സീറ്റുകൾക്ക് ഏകദേശം 2.5 ലക്ഷം രൂപയാണ് വില. ആഡംബര സീറ്റിങ്, പരിധിയില്ലാത്ത ഭക്ഷണപാനീയങ്ങൾ, പാർക്കിങ് പാസ്, വിഐപി ക്ലബ്/ലോഞ്ച് ആക്‌സസ്, സ്വകാര്യ പ്രവേശന കവാടം, വിശ്രമമുറികൾ എന്നിവ ഈ ടിക്കറ്റിൽ ഉൾപ്പെടുന്നു.
റോയൽ ബോക്‌സിന് 2.3 ലക്ഷം രൂപയും സ്കൈ ബോക്‌സിന് 1.6 ലക്ഷം രൂപയും പ്ലാറ്റിനം ലെവൽ ടിക്കറ്റുകൾക്ക് പോലും 75,659 രൂപയുമാണ് വില. രണ്ടു പേർക്ക് 10,000 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ജനറൽ ടിക്കറ്റുകൾ വിറ്റു തീർന്നെങ്കിലും 18,000-20,000 രൂപ നിരക്കുള്ള ടിക്കറ്റുകൾ മുതൽ ബാക്കിയാണെന്നാണ് റിപ്പോർട്ട്.
വിഷയത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. ‘‘ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് കളിക്കുന്നു, പക്ഷേ മത്സരം കാണാൻ ആളുകൾ വരുന്നില്ല. അതു സാധ്യമാണോ? അതെ, അതു സംഭവിച്ചു. ഇന്ത്യ – യുഎഇ മത്സരത്തിനിടെ, സ്റ്റാൻഡുകൾ ഏതാണ്ട് കാലിയായിരുന്നു. ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് പോലും, ജനറൽ ടിക്കറ്റുകൾ വിറ്റുതീർന്നെങ്കിലും 18,000-20,000 രൂപ വിലയുള്ള ടിക്കറ്റുകൾ പോലുള്ള ഉയർന്ന വിലയുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. എന്താണ് സംഭവിക്കുന്നത്?’’– ആകാശ് ചോപ്ര ഒരു വിഡിയോയിൽ പറയുന്നു.
‘‘രോഹിത് ശർമയുടെയും വിരാട് കോലിയുടെയും വിരമിക്കലാണോ ഇതിനു കാരണം? അതോ യുഎഇയിലെ ഉയർന്ന ടിക്കറ്റ് നിരക്കാണോ? അതോ, ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണോ? ആരാധകർക്ക് ഈ മത്സരത്തിൽ ഇത്രയധികം താൽപര്യം കുറയാനുള്ള യഥാർഥ കാരണം എന്താണ്? കാരണം എന്തുതന്നെയായാലും, സ്റ്റേഡിയങ്ങൾ ശൂന്യമാണ്. മുകളിൽ പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും ആകാം. അല്ലെങ്കിൽ മുകളിൽ പറഞ്ഞവയെല്ലാം ആകാം. പ്രശ്നം ആശങ്കാജനകമാണ്.’’– ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന ആദ്യ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ആദ്യം മുതൽ സൈബറിടങ്ങളിലുണ്ടായിരുന്നു. എഷ്യാകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ചത്തെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.