

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ ഇൻഡോറിൽവച്ച് ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ ബിസിസിഐയോടും ക്രിക്കറ്റ് ഓസ്ട്രേലിയയോടും വിവരങ്ങൾ തേടി മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ. പുറത്തുപോകും മുന്‍പ് ഓസ്ട്രേലിയൻ താരങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരെയോ, മറ്റാരെയെങ്കിലുമോ വിവരം അറിയിച്ചിരുന്നോ? എന്നാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷിക്കുന്നത്. ഒക്ടോബർ 23 ന് ഹോട്ടലിൽനിന്ന് കഫേയിലേക്കു നടന്നുപോകവേയാണ് രണ്ട് ഓസ്ട്രേലിയൻ വനിതാ താരങ്ങളെ ബൈക്കിലെത്തിയ യുവാവ് ഉപദ്രവിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരം കളിക്കാൻ ഇൻഡോറിലെത്തിയതായിരുന്നു ഓസ്ട്രേലിയൻ ടീം.
‘‘ഞങ്ങൾ ബിസിസിഐയിൽ നിന്നും ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്നും വിവരങ്ങൾ തേടുകയാണ്. ടീമിന്റെ സുരക്ഷാ വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. താരങ്ങള്‍ പുറത്തുപോകുന്നതിനു മുൻപ് സുരക്ഷ ആവശ്യപ്പെട്ടിരുന്നോ? അതോ ആരെയും അറിയിക്കാതെയാണോ പുറത്തുപോയത്? എന്നീ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.’’– എംപിസിഎ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രോഹിത് പണ്ഡിറ്റ് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിൽ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും യാതൊരു മറുപടിയും ഇതുവരെ നൽകിയിട്ടില്ലെന്നും മധ്യപ്രദേശ് അസോസിയേഷൻ വ്യക്തമാക്കി. അതിക്രമത്തിനു പിന്നാലെ മധ്യപ്രദേശിലെ സുരക്ഷയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നതോടെയാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ സംഭവത്തിൽ ഇടപെട്ടത്. താരങ്ങള്‍ക്കുള്ള സുരക്ഷയിൽ വീഴ്ചയുണ്ടായോ? എന്ന കാര്യം പൊലീസുമായി സഹകരിച്ച് അന്വേഷിച്ചുവരികയാണെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
ഓസ്ട്രേലിയൻ ടീമിന്റെ സെക്യൂരിറ്റി മാനേജർ ഡാനി സിമ്മൺസ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ അകീൽ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെത്തിയ പൊലീസ് താരങ്ങളെ സുരക്ഷിതമായി ഹോട്ടലിലെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബൈക്ക് നമ്പർ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണു വിവരം.