
സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ തരാം നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി സ്വർണം കരസ്ഥമാക്കി ജർമൻ താരം ജൂലിയൻ വെബർ. ഇതോടെ അടുത്തമാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടാൻ നീരജ് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ മുപ്പത്തൊന്നുകാരനായ ജൂലിയൻ വെബർ ഡയമണ്ട് ലീഗ് ചാംപ്യനായപ്പോൾ (91.51 മീറ്റർ) അതിലും 6 മീറ്ററോളം പിന്നിലായിരുന്നു നീരജിന്റെ മികച്ച ദൂരം (85.01 മീറ്റർ).
ലണ്ടൻ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിനാണ് മൂന്നാംസ്ഥാനം (84.95 മീറ്റർ). പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും കഴിഞ്ഞ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ റണ്ണറപ്പുമായ പാക്കിസ്ഥാന്റെ അർഷാദ് നദീം ഫൈനലിൽ മത്സരിച്ചിരുന്നില്ല. ഈ സീസണിൽ ലോകത്തെ ഏറ്റവും മികച്ച ജാവലിൻ പ്രകടനം നിലവിൽ വെബറിന്റെ പേരിലാണ്. പാരിസ് ഒളിംപിക്സിൽ 6–ാം സ്ഥാനത്തായിരുന്ന ജൂലിയൻ വെബർ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കുയർന്നത് ഈ സീസണിലാണ്.
ആദ്യ 5 ത്രോകൾ വരെ മൂന്നാംസ്ഥാനത്തായിരുന്ന നീരജ് അവസാന അവസരത്തിൽ പിന്നിട്ട 85.01 മീറ്ററിന്റെ ബലത്തിലാണ് രണ്ടാംസ്ഥാനത്തെത്തിയത്. 2016 മുതൽ ലോക വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന വെബറും നീരജും ഇതുവരെ 20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 15ലും വെബറിനേക്കാൾ മുന്നിലായിരുന്നു നീരജിന്റെ സ്ഥാനം. വെബർ നീരജിനെ പിന്തള്ളിയ 5 മത്സരങ്ങളിൽ മൂന്നും ഈ സീസണിലായിരുന്നു. 2022ൽ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് ചോപ്ര അതിനുശേഷം തുടർച്ചയായ 3 സീസണുകളിലും രണ്ടാം സ്ഥാനത്താണ്.