
ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് മത്സരങ്ങളുടെ അവസാന പോരാട്ടമായി ഡയമണ്ട് ലീഗ് ഫൈനലിൽ രാജ്യത്തിന്റെ പ്രതീക്ഷയായി നീരജ് ഇന്ന് വീണ്ടും മത്സരത്തിനിറങ്ങുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.15നാണ് പുരുഷ ജാവലിൻത്രോ മത്സരം. തൽസമയ സ്ട്രീമിങ് ഡയമണ്ട് ലീഗ് യുട്യൂബ് ചാനലിൽ. അത്‍ലറ്റിക്സിൽ ഒളിംപിക്സ് സ്വർണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ചാംപ്യൻപട്ടം തിരിച്ചുപിടിക്കുകയാണ് നീരജിന്റെ ലക്ഷ്യം.
2022ൽ ഡയമണ്ട് ലീഗ് ഫൈനലിൽ ചാംപ്യനായ നീരജ് ചോപ്ര ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു. തുടർന്നുള്ള 2 വർഷവും ഫൈനലിൽ മത്സരിച്ചെങ്കിലും വെള്ളിയാണ് നേടാനായത്. കഴിഞ്ഞവർഷം ബൽജിയത്തിലെ ബ്രസൽസിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ വെറും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് കിരീടം നഷ്ടമായത്.
ഈ സീസണിലെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽനിന്നായി കൂടുതൽ പോയിന്റ് നേടിയ 7 പേരാണ് സൂറിക്കിലെ ഫൈനലിൽ ജാവലിൻത്രോയിൽ മത്സരിക്കുന്നത്. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാംസ്ഥാനവും ദോഹയിൽ വെള്ളിയും നേടിയ നീരജ് ചോപ്ര 2 ഡയമണ്ട് ലീഗ് മീറ്റുകളിൽ മാത്രം മത്സരിച്ചാണ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ഒളിംപിക്സ് മെഡൽ ജേതാവ് ജൂലിയസ് യെഗോ തുടങ്ങിയവരും മത്സരത്തിനുണ്ട്. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളിൽനിന്ന് വിട്ടുനിന്നതിനാൽ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് പാക്കിസ്ഥാന്റെ അർഷാദ് നദീമിന് ഫൈനലിന് യോഗ്യത നേടാനായില്ല.