ധ്രുവ് ജുറേലിന് ആദ്യ സെഞ്ചറി, 100 ലക്ഷ്യമിട്ട് ജഡേജ; ഇന്ത്യൻ സ്കോർ 400 കടന്നു | Cricket Test

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.1 ഓവറിൽ 162 റൺസെടുത്ത് ഓൾഔട്ടായിരുന്നു
Dhruv Jurel
Published on

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ യുവതാരം ധ്രുവ് ജുറേലിനും സെഞ്ചറി. 190 പന്തുകളിൽ നിന്നാണ് ധ്രുവ് ജുറേൽ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയിലെത്തിയത്. രണ്ടു സിക്സുകളും 12 ഫോറുകളും അടിച്ച താരം 194 പന്തുകളിൽ 104 റണ്‍സെടുത്തു പുറത്താകാതെ നിൽക്കുകയാണ്. മത്സരം 122 ഓവറുകള്‍ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 3424 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 141 പന്തിൽ 86 റൺസുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിൽക്കുന്നു.

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (100 പന്തിൽ 50), കെ.എൽ. രാഹുലുമാണ് (197 പന്തിൽ 100) ഇന്നു പുറത്തായത്. സ്കോർ 188ൽ നിൽക്കെ വിൻഡീസ് ക്യാപ്റ്റന്‍ റോസ്റ്റൻ ചെയ്സ് ഗില്ലിനെ പുറത്താക്കുകയായിരുന്നു. 190 പന്തുകളിൽ രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലെ 11–ാം സെഞ്ചറിയിലെത്തി. എന്നാൽ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും ചേര്‍ന്നതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയായിരുന്നു.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 38 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായ് സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 68 റൺസെടുത്തു നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജെയ്ഡൻ സീൽസിന്റെ പന്തിൽ ഷായ് ഹോപ് ക്യാച്ചെടുത്ത് യശസ്വി ജയ്സ്വാളിനെ പുറത്താക്കി. എട്ടു റൺസ് മാത്രമെടുത്ത സായ് സുദർശൻ റോസ്റ്റൻ ചെയ്സിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. കെ.എൽ. രാഹുലിനൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്നതോടെ 29.4 ഓവറിൽ ഇന്ത്യ 100 കടന്നു. 101 പന്തുകളിലാണ് രാഹുൽ അർധ സെഞ്ചറിയിലെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.1 ഓവറിൽ 162 റൺസെടുത്ത് ഓൾഔട്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com