ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ നേട്ടങ്ങൾക്ക് അനുമോദനം അറിയിക്കുന്നതിനായി ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച ഒരുക്കിയത്. രോഹിത്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫഡ്‌നാവിസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
‘‘ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുമായി എന്റെ ഔദ്യോഗിക വസതിയായ വർഷയിൽവച്ചുള്ള കൂടിക്കാഴ്ചയും സംഭാഷണവും വളരെ ഹൃദ്യമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ആശംസകൾ അറിയിച്ചു. ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ എല്ലാ വിജയങ്ങളും നേരുകയും ചെയ്തു." – ചിത്രങ്ങൾക്കൊപ്പം ഫഡ്‌നാവിസ് കുറിച്ചു.
11 വർഷത്തെ ടെസ്റ്റ് കരിയറിൽ 67 മത്സരങ്ങൾ കളിച്ചാണ് രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 67 ടെസ്റ്റുകളിൽനിന്ന് 40.57 ശരാശരിയിൽ 4301 റൺസ് നേടി. ഇതിൽ 12 സെഞ്ചറികളും 18 അർധസെഞ്ചറികളും ഉൾപ്പെടുന്നു. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരങ്ങളിൽ പതിനാറാമതാണ് രോഹിത്.