
ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന എം.എസ്. ധോണി ഇടപെട്ട് തന്നെ ടീമിൽനിന്നു പുറത്താക്കിയെന്ന് ഇർഫാൻ പഠാൻ. 2009 ൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും തന്നെ ടീമിൽനിന്ന് മാറ്റിനിർത്തിയെന്നും ഇതിൽ ക്യാപ്റ്റൻ ധോണിക്കു പങ്കുണ്ടെന്നും ഇർഫാൻ പഠാൻ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. 2009 ലാണ് ഇർഫാൻ പഠാൻ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഇർഫാൻ പഠാനെ ന്യൂസീലൻഡിനെതിരായ പരമ്പരയിൽനിന്ന് ഒഴിവാക്കിയത്.
‘‘2009 ൽ ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ്, ഞാനും എന്റെ സഹോദരനും ചേർന്ന് ശ്രീലങ്കയിൽ കളി ജയിപ്പിച്ചിരുന്നു. മറ്റാരെങ്കിലുമായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഒരു വര്‍ഷമെങ്കിലും അവർ ടീമിൽ ഉണ്ടാകുമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 27–28 പന്തുകളിൽ നിന്ന് 60 റൺസായിരുന്നു വേണ്ടിയിരുന്നത്. അവിടെ നിന്നാണു നമ്മൾ കളി ജയിച്ചത്. എന്നാൽ ന്യൂസീലൻഡിലെത്തിയപ്പോൾ നാലു കളികളിലും എന്നെ ഇറക്കിയില്ല. അതോടെ പരിശീലകനായ ഗാരി കിർസ്റ്റനെ ഞാൻ സമീപിച്ചു, 'എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ചോളാം' എന്നു പറഞ്ഞു.
രണ്ടു കാരണങ്ങളാണ് പരിശീലകൻ എന്നോടു പറഞ്ഞത്. ചില കാര്യങ്ങളിൽ കോച്ചിനു നിയന്ത്രണം ഇല്ല എന്നതായിരുന്നു ആദ്യത്തേത്. ആരാണു പിന്നെ കാര്യങ്ങൾ തീരുമാനിച്ചതെന്നു ഞാൻ ചോദിച്ചു. എന്നാൽ അദ്ദേഹം അതു പറഞ്ഞില്ല. എങ്കിലും എനിക്കു വ്യക്തമായി അറിയാമായിരുന്നു. പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നതു ക്യാപ്റ്റനാണ്. ധോണിയാണ് ആ സമയത്തെ ക്യാപ്റ്റൻ. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം എല്ലാ ക്യാപ്റ്റൻമാർക്കും ടീമുകളെ നയിക്കാൻ അവരുടേതായ രീതികളുണ്ടാകും.’’- ഇർഫാൻ പഠാൻ പറഞ്ഞു.
‘‘ഒരു ബാറ്റിങ് ഓൾറൗണ്ടറെയായിരുന്നു ആ സമയത്ത് ടീമിന് ആവശ്യമെന്നതായിരുന്നു രണ്ടാമത്തെ കാരണം. സ്വാഭാവികമായും ബാറ്റിങ് ഓൾറൗണ്ടറായ എന്റെ സഹോദരൻ യൂസഫ് പഠാൻ ടീമിലെത്തി. ബോളിങ് ഓൾറൗണ്ടറായ ഞാൻ പുറത്തായി. ഇന്നത്തെ കാലത്തായിരുന്നെങ്കിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ചു കളിക്കാൻ സാധിക്കുമായിരുന്നു.’’- ഇർഫാൻ പഠാൻ വ്യക്തമാക്കി.