
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പേസ് ബോളർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി.
"ഒന്നാം ടെസ്റ്റ് അഞ്ചു വിക്കറ്റിന് തോറ്റ ഇന്ത്യക്ക് ഈ മത്സരം ജയിച്ചാൽ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 1-1ന് ആതിഥേയർക്കൊപ്പമെത്താം. സമനില പോലും ഇന്ത്യക്ക് ക്ഷീണമാകും. ലീഡ്സിൽ മികച്ച നിലയിൽ പന്തെറിഞ്ഞ ബുംറ, ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയിരുന്നു. വിശ്വസിക്കാനാകുന്നില്ല." എന്നാണ് ശാസ്ത്രി പ്രതികരിച്ചത്.
കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിലെ തോൽവിയിൽ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പേരെടുത്ത് പറയാതെ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. "ഇന്ത്യയുടെ കഴിഞ്ഞ ടെസ്റ്റ് ഫലങ്ങൾ നോക്കുമ്പോൾ, ഈ മത്സരം ഏറെ നിർണായകമാണ്. ന്യൂസിലൻഡിനെതിരെ മൂന്നു മത്സരങ്ങൾ തോറ്റു. ആസ്ട്രേലിയക്കെതിരെയും മൂന്നു മത്സരങ്ങൾ തോറ്റു. ഇവിടെ ആദ്യ ടെസ്റ്റ് മത്സരവും പരാജയപ്പെട്ടു. വിജയവഴിയിൽ തിരിച്ചെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ." -ശാസ്ത്രി ചോദിച്ചു.
പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമേ ബുംറ കളിക്കൂവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആകാശ് ദീപാണ് ബുംറക്കു പകരം രണ്ടാം ടെസ്റ്റ് കളിക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ബുംറയെ കൂടാതെ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. സായി സുദർശൻ, ശാർദൂൽ ഠാകൂർ എന്നിവർക്കു പകരം ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. എന്നാൽ, ഒന്നാം ടെസ്റ്റ് ജയിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്.