
മഡ്രിഡ്: വാർ പരിശോധനയിൽ 3 ഗോളുകൾ നിഷേധിക്കപ്പെട്ടിട്ടും റയൽ മഡ്രിഡിന് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 3–ാം ജയം. ഹോം ഗ്രൗണ്ടിൽ റയൽ മയ്യോർക്കയെ നേരിട്ട റയൽ 2–1 നാണ് വിജയിച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ഒരു മിനിറ്റിനിടെ 2 ഗോൾ തിരിച്ചടിച്ച് റയൽ ജയിച്ചത്. 18–ാം മിനിറ്റിൽ വേഡറ്റ് മുറിക്വിയുടെ ഗോളിൽ ലീഡ് നേടിയ മയ്യോർക്കയ്ക്കെതിരെ 37–ാം മിനിറ്റിൽ ആർദ ഗുലറും 38–ാം മിനിറ്റിൽ വിനീസ്യൂസും ഗോൾ നേടി.
റയൽ നേടിയ മറ്റു 3 ഗോളുകൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. 11–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ റയൽ ലീഡ് നേടിയെന്നു കരുതിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡ് ആണെന്നു വ്യക്തമായി. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ കിലിയൻ എംബപെ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും വാർ ഓഫ് സൈഡ് വിധിച്ചു. 55–ാം മിനിറ്റിൽ ആർദ ഗുലർ നേടിയ ഗോളിൽ വാർ പരിശോധനയിൽ ഹാൻഡ് ബോൾ ഉണ്ടെന്നു വ്യക്തമായതോടെ അതും നിഷേധിക്കപ്പെട്ടു. മയ്യോർക്ക താരം അൽവാരോ കരീരാസിന്റെ ഷോട്ട് ഗോൾലൈനിൽ തടുത്തതു വഴി പിന്നാലെ റയലും ഒരു ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു.
മൂന്ന് കളിയിൽ മൂന്നും ജയിച്ച് 9 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ അലാവസ് ഹോം ഗ്രൗണ്ടിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ 1–1 സമനിലയിൽ തളച്ചു.