
ഡൽഹി പ്രീമിയർ ലീഗിനു മുന്നോടിയായുള്ള താരലേലത്തിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മൂത്തമകൻ ആര്യവീറിനെ സ്വന്തമാക്കാൻ ടീമുകളുടെ പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ സെൻട്രൽ ഡൽഹി കിങ്സാണ് എട്ട് ലക്ഷം രൂപയ്ക്ക് ആര്യവീറിനെ വാങ്ങിയത്. അതേസമയം സേവാഗിന്റെ ഇളയ മകൻ വേദാന്ത് സേവാഗിനെ ആരും വാങ്ങിയില്ല. ഡൽഹിക്കു വേണ്ടി അണ്ടർ 19 കളിക്കുന്ന താരമാണ് ആര്യവീർ.
2024ൽ മേഘാലയയ്ക്കെതിരെ 297 റൺസെടുത്ത് ആര്യവീർ വാർത്തകളിൽ ഇടം നേടിയിരുന്നു. സേവാഗിന്റെ ഉയർന്ന ടെസ്റ്റ് സ്കോറായ 319 റൺസ് ആര്യവീർ പിന്നിട്ടിരുന്നെങ്കിൽ താരത്തിന് ഫെറാറി കാർ സമ്മാനിക്കുമായിരുന്നെന്ന് വീരേന്ദർ സേവാഗ് അന്നു പ്രതികരിച്ചിരുന്നു.
പേസ് ബോളറായ സിമര്‍ജീത് സിങ്ങാണ് ലേലത്തിലെ വിലയേറിയ താരം. 39 ലക്ഷം രൂപയ്ക്ക് സെൻട്രൽ ഡൽഹി കിങ്സാണ് സിമർജീതിനെ സ്വന്തമാക്കിയത്. 2025 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു സിമർജീത് സിങ്. ചെന്നൈ സൂപ്പർ കിങ്സിലും മുംബൈ ഇന്ത്യൻസിലും സിമർജീത് മുൻപ് കളിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ ഡല്‍ഹിക്കുവേണ്ടി കളിക്കുന്ന നിതീഷ് റാണ, വെസ്റ്റ് ഡൽഹി ലയൺസ് ടീമിൽ ഇറങ്ങും. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന റാണയ്ക്ക് 34 ലക്ഷം രൂപയാണ് ഡൽഹി ലീഗിൽ ലഭിക്കുക. വെറ്ററന്‍ താരം ഇഷാന്ത് ശർമ 13 ലക്ഷത്തിന് വെസ്റ്റ് ഡൽഹി ലയണ്‍സില്‍ കളിക്കും.