
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ച്വറി കുറിച്ച ഗിൽ രണ്ടാം ഇന്നിങ്‌സിൽ 161 റൺസ് സ്കോർ ചെയ്താണ് മടങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിൻറെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.
അതേസമയം, ബാറ്റിങ്ങിനിടെ ശുഭ്മാൻ ഗില്ലിനെ സ്ലഡ്ജ് ചെയ്‌തെത്തിയ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. "4.50ന് ഒന്നു ഡിക്ലെയർ ചെയ്യൂ. നാളെ മഴയാണ്. ഉച്ചയ്ക്ക് ശേഷം നിർത്താതെ മഴപെയ്യും"- എന്നായിരുന്നു ബ്രൂക്കിന്റെ കമെന്റ്. ഉടനടി ഗില്ലിൻറെ മറുപടിയെത്തി, "ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ. സമനില എടുത്തോളൂ…"
ആദ്യ ഇന്നിങ്സിലും ബ്രൂക്ക് ഗില്ലിനെതിരെ മൈൻഡ് ഗെയിമുമായി രംഗത്തെത്തിയിരുന്നു. ട്രിപ്പിൾ സെഞ്ച്വറിക്ക് അരികിലായിരുന്ന ഗില്ലിനെ ബ്രൂക്ക് സ്ലഡ്ജ് ചെയ്യാൻ ആരംഭിച്ചു. "290 കഴിഞ്ഞാൽ പിന്നെ ക്രീസിൽ തുടരുന്നത് അത്ര എളുപ്പമല്ല" എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്. അതിനും ഉടൻ ഗില്ലിന്റെ ചോദ്യമെത്തി, "നിങ്ങൾക്ക് എത്ര ട്രിപ്പിൾ സെഞ്ച്വറികളുണ്ട്?"
ആ സമയത്ത് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ 2024 ൽ പാക്കിസ്ഥാനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ചുറിയെക്കുറിച്ച് പരാമർശിക്കുന്നുണ്ടായിരുന്നു. പിന്നീട് ബ്രൂക്കിന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീണു. 143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ വിക്കറ്റ് നൽകി മടങ്ങി. ഇതോടെയാണ് ആ പഴയ ആയുധം വീണ്ടും പുറത്തെടുത്തത്.