

ഫിഫ ലോകകപ്പിന് യോഗ്യത നേടി ക്യുറസാവോ. കരീബിയൻ ദ്വീപുകളിലെ കുഞ്ഞൻ രാജ്യമായ ക്യുറസാവോ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ജമൈക്കയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ക്യുറസാവോ ചരിത്രം കുറിച്ചത്.
ഗ്രൂപ്പ് ബിയിൽ ഒന്നാമതായ ക്യൂറസാവോയ്ക്ക് ആറു മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണുള്ളത്. നെതർലൻഡ്സിന് കീഴിലുള്ള ദ്വീപ് രാഷ്ട്രമായ ക്യുറസാവോയിലെ എല്ലാ താരങ്ങളും നെതർലൻഡ്സിൽ ജനിച്ചവരാണ്. പ്രശസ്തനായ ഡച്ചുകാരൻ ഡിക്ക് അഡ്വക്കറ്റാണ് ടീമിന്റെ പരിശീലകൻ.
ലോകകപ്പ് ചരിത്രത്തിൽ ടൂർണമെന്റിനു യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്യുറസാവോ. ആകെ 1,56,000 മാത്രമാണ് ക്യുറസാവോയിലെ ജനസംഖ്യ. 2018ൽ യോഗ്യത നേടിയ, ഏകദേശം 3,50,000 മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡാണ് ഇതിനുമുൻപ് ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ള ഏറ്റവും ചെറിയ രാജ്യം.