"ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും" ; സഞ്ജു സാംസണിന്റെ വരവ് ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് | Sanju Samson

സിഎസ്‌കെ സഞ്ജുവിന്റെ എന്‍ട്രി വീഡിയോ പങ്കുവച്ചു, ബേസില്‍ ജോസഫും വീഡിയോയിലുണ്ട്.
Sanju
Published on

സഞ്ജു സാംസണിന്റെ ടീമിലേക്കുള്ള വരവ് ഗംഭീരമായി ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിഎസ്‌കെ സഞ്ജുവിന്റെ എന്‍ട്രി വീഡിയോ പങ്കുവച്ചത്. നടനും സംവിധായകനും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫും വീഡിയോയിലുണ്ട്. സഞ്ജു സിഎസ്‌കെ ജഴ്‌സി ഇട്ട് വരുന്നതാണ് വീഡിയോയില്‍. ‘ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും’ എന്ന് ബേസിലും പറയുന്നു. സഞ്ജുവിന്റെ വലിയ കട്ടൗട്ടും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അതേസമയം, സഞ്ജു സാംസണ്‍ ടീമിലെത്തിയത് പ്രമാണിച്ച് ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ വരെ മാറ്റിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ‘ലിയോസ് ഗിഫ്റ്റ് ഫ്രം കേരള’ എന്നാണ് സിഎസ്‌കെയുടെ പുതിയ ബയോ. ചെന്നൈയുടെ ഭാഗ്യചിഹ്നമാണ് ലിയോ. ഇതിനുശേഷം ചെന്നൈ പങ്കുവച്ച മറ്റൊരു ട്വീറ്റ് ശ്രദ്ധേയമായിരുന്നു. ‘ഞങ്ങള്‍ ബയോ മാത്രമേ മാറ്റിയിട്ടുള്ളൂ, അഡ്മിനെ മാറ്റിയിട്ടില്ല’ എന്നായിരുന്നു ട്വീറ്റ്.

നേരത്തെ, സഞ്ജുവിനെ സ്വാഗതം ചെയ്തുകൊണ്ട് ചെന്നൈ ആദ്യം പങ്കുവച്ച പോസ്റ്റ് അത്ര മികച്ചതായിരുന്നില്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. എഐ സഹായത്തോടെ നിര്‍മിച്ച വീഡിയോ വച്ചാണ് സഞ്ജുവിനെ ചെന്നൈ സ്വാഗതം ചെയ്തത്. എംഎസ് ധോണിയോടൊപ്പം, സഞ്ജു നില്‍ക്കുന്ന ഒരു വീഡിയോയില്‍ എഐ ഉപയോഗിച്ച് സഞ്ജുവിന്റെ ജഴ്‌സി ചെന്നൈയുടേതാക്കുന്നത് മാത്രമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് രവീന്ദ്ര ജഡേജയുടെ വരവ് ഗംഭീരമായ വീഡിയോ പങ്കുവച്ചാണ് ആഘോഷിച്ചത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ചെന്നൈ ഇത്തരമൊരു ട്വീറ്റ് പങ്കുവച്ചത്. പുതിയ വീഡിയോയിലൂടെ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ചെന്നൈ.

Related Stories

No stories found.
Times Kerala
timeskerala.com