
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഏതാനും മിനിറ്റുകൾ മാത്രം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ സമയം കളയുന്നതിനായുള്ള ‘നാടകം’. ബോളർ പന്തെറിയാനെത്തുമ്പോൾ സ്റ്റംപിനു മുന്നിൽനിന്ന് മാറിനിന്നും, ഓരോ പന്തും നേരിടാൻ പതിവിലും ‘ഒരുക്കം’ നടത്തിയും ക്രൗളി സമയം കളയാൻ ശ്രമിച്ചതോടെ, ഇന്ത്യൻ താരങ്ങൾ പ്രകോപിതരായി. അനിഷ്ടം പരസ്യമാക്കിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ, ക്രൗളിക്കെതിരെ അശ്ലീലവർഷം നടത്തിയാണ് കലിപ്പ് തീർത്തത്. ഇതിനിടെ ബുമ്രയുടെ പന്ത് കയ്യിൽ കൊണ്ടതിന്റെ പേരിൽ ക്രൗളി ഫിസിയോയെ വിളിക്കുക കൂടി ചെയ്തതോടെ, ഇന്ത്യൻ താരങ്ങൾ ചുറ്റുംനിന്ന് കയ്യടിച്ച് പരിഹസിക്കുകയും ചെയ്തു.
ഇന്ത്യൻ ഇന്നിങ്സ് പ്രതീക്ഷിച്ചതിലും വേഗം അവസാനിച്ചതോടെയാണ് മൂന്നാം ദിനം അവസാന സെഷനിൽ ഏതാനും മിനിറ്റുകൾ ബാറ്റു ചെയ്യാൻ ഇംഗ്ലണ്ട് നിർബന്ധിതരായത്. ഏതാനും ഓവറുകൾ മാത്രമേ കളി നടക്കൂ എന്നിരിക്കെ, ഏതു വിധേനയും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് ഇന്ത്യയ്ക്ക് മേൽക്കൈ ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇംഗ്ലിഷ് ഓപ്പണർമാരുടെ ശ്രമം. ഇതിന്റെ ഭാഗമായിരുന്നു സാക് ക്രൗളിയുടെ കളി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി ബോളിങ് ഓപ്പൺ ചെയ്തത് ജസ്പ്രീത് ബുമ്രയാണ്. ബുമ്രയുടെ ഓവറിലെ ആദ്യ പന്തു മുതൽ സമയം കളയാനുള്ള ക്രൗളിയുടെ വ്യഗ്രത വ്യക്തമായിരുന്നു. ബാറ്റിങ്ങിനു തയാറായി നിൽക്കുമെങ്കിലും, ബുമ്ര റണ്ണപ്പ് എടുത്ത് പന്തെറിയാൻ തുടങ്ങുമ്പോൾ ക്രീസിൽ നിന്ന് മാറിനിൽക്കുന്നത് ഉൾപ്പെടെയുള്ള ‘നമ്പറു’കളാണ് ക്രൗളി ഇറക്കിയത്.
സമയം കളയാനുള്ള ക്രൗളിയുടെ നാടകം ആവർത്തിച്ചതോടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗിൽ താരത്തിനെതിരെ അശ്ലീലവർഷം നടത്തി. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ ഇതൊന്നും വകവെക്കാതെ ക്രൗളി സമയം കളയാൻ ശ്രമിച്ചതോടെ ഒരുവേള ഗിൽ കൈചൂണ്ടി താരത്തിന് സമീപമെത്തുകയും ചെയ്തു. തിരികെ കൈവിരൽ ചൂണ്ടി സംസാരിച്ചാണ് ക്രൗളി തിരിച്ചടിച്ചത്. ഇതിനിടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബെൻ ഡക്കറ്റും പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബുമ്രയുടെ അഞ്ചാം പന്ത് ക്രൗളിയുടെ കയ്യിലിടിച്ചതും താരം ഫിസിയോയുടെ സഹായം തേടിയതും. ഇതോടെ ഇന്ത്യൻ താരങ്ങൾ ഗില്ലിന്റെ നേതൃത്വത്തിൽ ചുറ്റിലും നിന്ന് കയ്യടിച്ച് പരിഹസിച്ച് കലിപ്പ് തീർത്തു.
ക്രൗളിയുടെ സമയംകൊല്ലി നാടകം വിജയിച്ചതോടെ, മൂന്നാം ദിനം ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് ഒരേയൊരു ഓവർ മാത്രമാണ്. ഒരു ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ഇന്ന് ബാറ്റിങ് പുനരാരംഭിക്കുന്നത്.