

ക്രൊയേഷ്യ: ഫറോ ദ്വീപിനെ 3–1ന് തകർത്ത് ക്രൊയേഷ്യ, 2026 ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ, 16–ാം മിനിറ്റിൽ ജീസ ഡേവിഡ് ടുറിയിലൂടെ ആദ്യം ലീഡ് നേടിയത് ഫറോ ദ്വീപായിരുന്നു. എന്നാൽ തുടക്കത്തിലേറ്റ തിരിച്ചടി അതിവേഗം മറികടന്ന ക്രൊയേഷ്യ, 7 മിനിറ്റിനകം യോഷ്കോ ഗവാർഡിയോളിലൂടെ സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പീറ്റർ മൂസയുടെ (57–ാം മിനിറ്റ്) ഗോളിൽ ലീഡ് നേടിയ ക്രൊയേഷ്യയ്ക്കായി 70–ാം മിനിറ്റിൽ നിക്കോള വ്ലാസിച്ചും ലക്ഷ്യം കണ്ടു. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എൽ–ൽ 19 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടിയത്.
2018 ലോകകപ്പിൽ ഫൈനലിസ്റ്റുകളായിരുന്ന ക്രൊയേഷ്യ, കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു. ക്രൊയേഷ്യ ടൂർണമെന്റിന് യോഗ്യത ഉറപ്പിച്ചതോടെ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് തന്റെ 5–ാം ലോകകപ്പിനായിരിക്കും അടുത്ത വർഷം ഇറങ്ങുക. ആരോഗ്യം അനുവദിച്ചാൽ, അടുത്ത വർഷത്തെ ലോകകപ്പിൽ താൻ ഉണ്ടാകുമെന്ന് നാൽപതുകാരൻ മോഡ്രിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.