
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡ് പ്രകടനം നടത്തിയിട്ടും ലോകകപ്പ് യോഗ്യത മത്സരത്തിൽ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ഹങ്കറി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. അടുത്ത വര്‍ഷം നടക്കുന്ന ടൂർണമെന്റിലെത്താൻ പോർച്ചുഗലിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 22, 45+3 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോ മുന്നിലെത്തി. പോർച്ചുഗൽ സൂപ്പർ താരത്തിന് നിലവിൽ 40 ഗോളുകളുണ്ട്. 39 ഗോളുകൾ നേടിയിട്ടുള്ള ഗ്വാട്ടിമാല താരം കാർലോസ് റുയിസിനെയാണ് റൊണാൾഡോ പിന്തള്ളിയത്. എട്ടാം മിനിറ്റിൽ അറ്റില സലായുടെ ഗോളിൽ മുന്നിലെത്തിയ ഹങ്കറിക്കെതിരെ ആദ്യ പകുതിയിൽ പോർച്ചുഗൽ 2–1ന്റെ ലീഡ് നേടി. എന്നാൽ 91–ാം മിനിറ്റിൽ ഡൊമിനിക് സ്ബോസ്‍ലായുടെ ഗോളിൽ ഹങ്കറി സമനില പിടിച്ചു.
അതേസമയം, ലാത്‍വിയയെ 5–0ന് തോല്പിച്ച് ഇംഗ്ലണ്ട് യുറോപ്പിൽനിന്ന് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. ക്യാപ്റ്റന്‍ ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങി. 44,45+3 മിനിറ്റുകളിലായിരുന്നു ഹാരി കെയ്നിന്റെ ഗോളുകൾ. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ (26), എബറെച് എസെ (86) എന്നിവരും ലക്ഷ്യം കണ്ടു. 58–ാം മിനിറ്റിലെ ലാത്‌വിയ താരം മാക്സിം ടോണിസേവ്സിന്റെ ഗോളും ഇംഗ്ലണ്ടിനു തുണയായി. സ്പെയിൻ ബൾഗേറിയയെ 4–0നും തോൽപിച്ചു.