

റിയാദ്: അന്താരാഷ്ട്ര ഫുട്ബോൾ കരിയറിൽ പുതിയ ചരിത്രം കുറിച്ച് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നേടിയ ഗോളിലൂടെ താരം 950 ഗോളുകൾ എന്ന അതുല്യ നേട്ടത്തിലേക്കാണ് നടന്നുകയറിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ താരമാണ് ക്രിസ്റ്റ്യാനോ.
തകർപ്പൻ ഫോം തുടരുന്നു
2025-ൽ ഇതുവരെ കളിച്ച 38 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയത്. ടീമിനെ ജയിപ്പിക്കാനും 950 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും കൂടുതൽ നേട്ടങ്ങൾക്കായി ദാഹിക്കുകയാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ മത്സരത്തിലെ ഗോളിന് സൗദി പ്രോ ലീഗിൽ ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരവും റോണോയെ തേടിയെത്തി.
അൽ നസറിന് തകർപ്പൻ ജയം
സൗദി പ്രോ ലീഗിൽ അൽ ഹസ്മിനെതിരായ മത്സരത്തിൽ ജാവോ ഫെലിക്സിൻ്റെ (25), റൊണാൾഡോയുടെ (88) ഗോളുകളുടെ കരുത്തിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്.മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ അൽ നസർ ഈ ജയത്തോടെ ലീഗിലെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആറ് മത്സരങ്ങളും ജയിച്ച അൽ നസറിന് 18 പോയിൻ്റാണുള്ളത്. അൽ താവോൻ (15), അൽ ഹിലാൽ (14), അൽ ഖദീസിയ (14), അൽ ആഹ്‌ലി (12) എന്നിവരാണ് നിലവിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
മെസ്സി കേരളത്തിലേക്ക് ഇല്ല
അതേസമയം, ഫുട്ബോൾ ആരാധകർക്കിടയിലെ ഒരു ആകാംഷയ്ക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസ്സി നവംബറിൽ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചു.