
ലോക ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. ദീർഘകാല പങ്കാളിയായ സ്പാനിഷ് മോഡൽ ജോർജിന റോഡ്രിഗസാണ് വധു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജോർജിന ആണ് വിവാഹക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുടെയും വിവാഹനിശ്ചയം ഇതിനകം നടന്നു. വിവാഹമോതിരത്തിനൊപ്പം ‘ഞാനുണ്ട്, ഈ ജൻമത്തിലും വരും ജന്മങ്ങളിലും’ എന്ന കുറിപ്പും പങ്കുവച്ചാണ് വിവാഹക്കാര്യം ജോർജിന പങ്കുവച്ചത്. ജോർജിനയും ക്രിസ്റ്റ്യാനോയും 2016 മുതൽ ഒരുമിച്ചാണു ജീവിതമെങ്കിലും വിവാഹം കഴിച്ചിരുന്നില്ല.
എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി കൂടിയായ ക്രിസ്റ്റ്യാനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒൻപതു വർഷമായി ഒരുമിച്ചു താമസിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ജോർജിനയും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് മക്കളിൽ രണ്ടു പേർ ജോർജിന റോഡ്രിഗസിൽ ഉള്ളതാണ്. 2022 ഏപ്രിലിലാണ് ഇവരുടെ ഇളയ മകളായ ബെല്ല ജനിച്ചത്. ഈ രണ്ടു മക്കൾക്കൊപ്പം ഫുട്ബോളിൽ സജീവമായ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെയുള്ള മറ്റു മൂന്നു മക്കളെയും വളർത്തുന്നതും മുപ്പത്തൊന്നുകാരിയായ ജോർജിനയാണ്.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്ത് സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിലെ ഒരു കടയിൽവച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിച്ചേർന്നു. 2016ലാണ് ഇരുവരും പ്രണയത്തിലായതെങ്കിലും, 2017 ജനുവരിയിൽ ഫിഫ ഫുട്ബോൾ പുരസ്കാര വേദിയിലാണ് ആദ്യമായി ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. അതേവർഷം ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും ബന്ധം പരസ്യമാക്കിയിരുന്നു.
ഫാഷൻ രംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോർജിന റോഡ്രിഗസ്, സ്പാനിഷുകാരിയാണെങ്കിലും അർജന്റീനയിലാണ് ജനിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധത്തോടെയാണ് ജോർജിന ലോകപ്രശസ്തിയിലേക്ക് ഉയർന്നത്. മോഡൽ, ഇൻഫ്ലുവൻസർ എന്നീ നിലകളിൽ ലോകോത്തര ബ്രാൻഡുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. മോഡൽ എന്നതിനപ്പുറം ടെലിവിഷൻ രംഗത്തും ജോർജിന സജീവമാണ്. അവരുടെ വ്യക്തിജീവിതത്തിലേക്കും കുടുംബജീവിതത്തിലേക്കും വെളിച്ചം വീശുന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി സീരീസായ ‘ഐ ആം ജോർജിന’യിലും അഭിനയിച്ചു.
നിലവിൽ ഫുട്ബോളിൽ സജീവമായ ക്രിസ്റ്റ്യാനോ ജൂനിയർ, അലാന, ബെല്ല, ഇരട്ടക്കുട്ടികളായ ഈവ മരിയ, മാറ്റിയോ എന്നിവരാണ് ക്രിസ്റ്റ്യാനോ – ജോർജിന ദമ്പതികളുടെ മക്കൾ. ബെല്ലയുടെ ഇരട്ടസഹോദരൻ പ്രസവസയമത്തു തന്നെ മരിച്ചിരുന്നു.റയൽ മഡ്രിഡ് വിട്ട റൊണാൾഡോ നിലവിൽ സൗദി ലീഗിൽ അൽ നസറിന്റെ താരമാണ്.