
ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഗോളടിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങില്ല. തന്റെ കരിയറിലെ 943–ാം ഗോൾ നേടിയിരിക്കുകയാണ് നാൽപതുകാരൻ ക്രിസ്റ്റ്യാനോ. മത്സരത്തിൽ 3–2 ന് പോർച്ചുഗൽ ഹംഗറിയെ തോൽപിച്ചു. ബർണബാസ് വർഗയിലൂടെ 21–ാം മിനിറ്റിൽ ഹംഗറിയാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ബർണാഡോ സിൽവയിലൂടെ (36–ാം മിനിറ്റ്) പോർച്ചുഗൽ സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ക്രിസ്റ്റ്യാനോയാണ് (58) പോർച്ചുഗലിന് ലീഡ് സമ്മാനിച്ചത്. എന്നാൽ 84–ാം മിനിറ്റിൽ ബർണബാസിലൂടെ ഹംഗറി ഗോൾ മടക്കി. 2 മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ട ജോവ കാൻസിലോയാണ് പോർച്ചുഗലിന്റെ ജയം ഉറപ്പാക്കിയത്.