
ഹോങ്കോങ്: 4 വ്യത്യസ്ത ഫുട്ബോൾ ക്ലബ്ബുകൾക്കായി നൂറിലധികം ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഇന്നലെ സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അഹ്‌ലിക്കെതിരെ ഗോൾ നേടിയ അൽ നസ്ർ താരം ക്രിസ്റ്റ്യാനോ, ക്ലബ്ബിനൊപ്പം 100 ഗോളുകൾ തികച്ചു.
നേരത്തെ, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് (450 ഗോൾ), ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് (145), ഇറ്റാലിയൻ ക്ലബ് യുവന്റസ് (101) എന്നിവർക്കൊപ്പവും നാൽപതുകാരൻ ഗോൾ നേട്ടത്തിൽ സെഞ്ചറി തികച്ചിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിനായി 138 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റെക്കോർഡിട്ടെങ്കിലും ഫൈനലിൽ അൽ നസ്ർ തോറ്റു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2 സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 5–3 നായിരുന്നു അഹ്‌ലിയുടെ ജയം.