
ഏഷ്യൻ ചാംപ്യൻസ് ലീഗ് 2–ന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും എഫ്സി ഗോവയും 22ന് ഫറ്റോർദ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഗോവയുമായുള്ള മത്സരത്തിനുള്ള അൽ നസ്റിന്റെ സാധ്യതാ ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുമുണ്ട്. യാത്രയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീസ രേഖകൾ അൽ നസ്‌ർ കൈമാറിയതായി എഫ്സി ഗോവ അധികൃതർ സ്ഥിരീകരിച്ചു.
എഎഫ്സി ചാംപ്യൻസ് ലീഗ് 2–ൽ അൽ നസ്ർ ഇതുവരെ 2 മത്സരങ്ങൾ കളിച്ചെങ്കിലും ക്രിസ്റ്റ്യാനോ ടീമിലില്ലായിരുന്നു. അതുകൊണ്ട് സൂപ്പർതാരത്തിന്റെ ഗോവയിലേക്കുള്ള വരവും ഇതുവരെ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, സാധ്യതാ ലൈനപ്പിൽ അൽ നസ്ർ ടീം ഇത്തവണ ക്രിസ്റ്റ്യാനോയുടെ പേര് ഉൾപ്പെടുത്തി. ലിവർപൂളിനായി മിന്നിത്തിളങ്ങിയ സെനഗൽ താരം സാദിയോ മാനെ, ക്രിസ്റ്റ്യാനോയുടെ നാട്ടുകാരനായ ജോവ ഫെലിക്സ് ബാർസിലോനയുടെയും സ്പെയിനിന്റെ പ്രതിരോധം കാത്ത ഇനിഗോ മാർട്ടിനെസ്, ബയൺ മ്യൂണിക്കിനായി ഗോളടിമേളം തീർത്ത ഫ്രഞ്ച് താരം കിങ്സ്‌ലെ കോമാൻ എന്നിവരും അൽ നസ്‌ർ ടീമിലുണ്ട്.
ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ ഭാഗമായി ലയണൽ മെസ്സി ഡിസംബറിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി നഗരങ്ങളിലെത്തുന്നുണ്ട്. നവംബറിൽ അർജന്റീന ടീം കൊച്ചിയിൽ പ്രദർശനം മത്സരം കളിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ്, ക്രിസ്റ്റ്യാനോയുടെ വരവിനും കളമൊരുങ്ങുന്നത്.