

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിനുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പരിശീലകനെ വളഞ്ഞിട്ട് തല്ലി ക്രിക്കറ്റ് താരങ്ങൾ. പുതുച്ചേരി അണ്ടര്‍ 19 ടീം പരിശീലകനായ എസ്. വെങ്കടരാമനെയാണ് മൂന്ന് താരങ്ങൾ മർദിച്ചത്. വെങ്കടരാമന്റെ തലയ്ക്കും തോളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരിശീലകന്റെ തലയിൽ 20 തുന്നിക്കെട്ടലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘‘വെങ്കടരാമന്റെ ആരോഗ്യനിലയിൽ ഇപ്പോൾ മാറ്റമുണ്ട്. ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.’’– സേദാരാപെട്ട് പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. രാജേഷ് പ്രതികരിച്ചു.
പുതുച്ചേരി ക്രിക്കറ്റേഴ്സ് ഫോറം സെക്രട്ടറി ജി. ചന്ദ്രന്റെ നിർദേശപ്രകാരമാണ് താരങ്ങൾ തന്നെ മര്‍ദിച്ചതെന്ന് വെങ്കടരാമൻ പരാതിയിൽ ആരോപിക്കുന്നു. പുതുച്ചേരിയുടെ സീനിയർ താരങ്ങളായ അരവിന്ദ്‍ രാജ്, കാർത്തികേയൻ, സന്തോഷ് കുമരൻ എന്നിവർക്കെതിരെയാണ് വെങ്കടരാമൻ പരാതി നൽകിയത്. മൂവരും ചേർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബാറ്റ് ഉപയോഗിച്ച് ക്രൂരമായി തല്ലിയെന്നാണു പരാതി.
വിദ്യാഭ്യാസ രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് പുതുച്ചേരി ടീമിലേക്ക് പുറത്തുനിന്നുള്ള താരങ്ങളെ എടുക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ഇതുകാരണം പുതുച്ചേരിക്കാരായ ആഭ്യന്തര താരങ്ങൾക്ക് അവസരം ലഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.