
രാജ്കോട്ട് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അയർലാൻഡിനെതിരായ മൂന്ന് ഏകദിന പരമ്പരകളുടെ ആദ്യ മത്സരത്തിനായി ഇന്നിറങ്ങും(Cricket Updates). രാജ്കോട്ടിലാണ് പരമ്പരയിലെ 3 മത്സരങ്ങളും നടക്കുക. ഇത് ആദ്യമായാണ് ഐറിഷ് വനിതകളുമായി ഏകദിന പരമ്പരയിൽ ഇന്ത്യ കളിക്കുന്നത്.
ഇന്ത്യൻ വനിതകളുടെ, പുതുവർഷത്തിലെ ആദ്യ മത്സരം കൂടിയാണിത്. ശേഷമുള്ള മത്സരങ്ങൾ 12നും 15നുമാണ് നടക്കുക. സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വിശ്രമത്തിലായതിനാൽ സ്മൃതി മാൻഥനയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക എന്നാണ് ലഭ്യമായ വിവരം. മലയാളിതാരം മിന്നുമണിയും ടീമിലുണ്ട്. വിൻഡീസിനെതിരെ ഏകദിന, ട്വന്റി-20 പരമ്പരകൾ നേടിയതിന്റെ ആവേശത്തിനിടെയാണ് വീണ്ടും ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങുന്നത്. ഇന്ത്യയും അയർലാൻഡും തമ്മിലുള്ള മത്സരം രാവിലെ 11 മണി മുതൽ 'സ്പോർട്സ് 18' ചാനലിലും ജിയോ സിനിമയിലും ലഭ്യമാണ്.