
ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോര്‍ക്ഷെയറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യ ആദ്യമായി ചാംപ്യന്മാരായ 1983-ലേതുള്‍പ്പെടെ മൂന്ന് ലോകകപ്പുകള്‍ നിയന്ത്രിച്ച അംപയറാണ് ഡിക്കി ബേഡ്. 23 വര്‍ഷം നീണ്ട അംപയറിങ് കരിയറില്‍ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും ബേഡ് നിയന്ത്രിച്ചിട്ടുണ്ട്. 1996 ല്‍ ബേഡ് നിയന്ത്രിച്ച അവസാന ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അരങ്ങേറ്റം കുറിച്ചത്.
1956 ല്‍ യോര്‍ക്ഷയര്‍ ക്ലബ്ബിലൂടെ ബാറ്ററായി ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ബേഡ് 1964 ലാണ് വിരമിക്കുന്നത്. ക്ലബ്ബിനായി 93 മത്സരങ്ങളില്‍ നിന്ന് 2 സെഞ്ച്വറികള്‍ അടക്കം 3314 റണ്‍സ് നേടിയിട്ടുണ്ട്. 1973 ലാണ് അംപയറിങ്ങിലേക്ക് പ്രവേശിക്കുന്നത്.
കൃത്യതയാര്‍ന്ന അംപയറിങ് തീരുമാനങ്ങള്‍ക്കു പുറമേ കളിക്കാരോടുള്ള സ്‌നേഹം കൊണ്ടും ക്രിക്കറ്റ് ലോകത്തെ സവിശേഷ സാന്നിധ്യമായിരുന്നു ബേഡ്. മെംബര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍, ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അംപയറിങ്ങില്‍ നിന്നും വിരമിച്ചശേഷം ക്വിസ് മാസ്റ്ററായും ടെലിവിഷന്‍ ചാറ്റ് ഷോകളിലും പങ്കെടുത്ത് ബേഡ് ശ്രദ്ധേയനായിരുന്നു.