ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നൽകിയതിനെതിരെ പരാതി | Peace Award

അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പുരസ്‌കാരം നൽകുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്‍റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
Trump
Updated on

ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകിയതിനെതിരെ വിമർശനം ശക്തമാകുന്നു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാൾ ഭരണസമിതിയുടെ തന്നെ ചട്ടം മറികടന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചതെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ‘ഫയർസ്ക്വയർ’ ഫിഫ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകി. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നൽകുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ പ്രസിഡന്‍റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കൂടാതെ സംഘടനയുടെ പെരുമാറ്റം ആഗോള ഫുട്‌ബോൾ സമൂഹത്തിന്റെ പൊതു താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്‍ഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com