
തിരുവനന്തപുരം: കായിക ഡയറക്ടറേറ്റും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗിന് തുടക്കമായി. ആദ്യ സീസണിൽ ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങളാണുള്ളത്. ഫുട്ബോൾ മത്സരങ്ങൾ ഇന്ന് മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാല ഗ്രൗണ്ടിലാണ് നടക്കുന്നത്. വെള്ളിയാഴ്ച മന്ത്രി വി.അബ്ദു റഹിമാൻ ലീഗിന്റെ ഉദ്ഘാടനം നിർവഹിക്കും. വോളിബോൾ മത്സരങ്ങൾ ഓഗസ്റ്റിൽ എംജി സർവകലാശാല ക്യാംപസിൽ സംഘടിപ്പിക്കും.
സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകളാണ് ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കുന്നത്. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോൾ, കബഡി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തുമെന്ന് കായിക വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ് അറിയിച്ചു.