

സ്പോൺസർമാരില്ലാതെ മുടങ്ങിയ ഐഎസ്എൽ, ക്ലബ്ബുകൾ ഏറ്റെടുത്തു നടത്താമെന്ന നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച് ഫെഡറേഷൻ. ഐഎസ്എൽ ക്ലബ്ബുകളുടെ കൺസോർഷ്യം രൂപീകരിച്ച് ലീഗ് സംഘടിപ്പിക്കാമെന്നാണ് നിർദേശം. ഫെഡറേഷനും ക്ലബ്ബുകളും സംയുക്തമായി ലീഗിന്റെ ചെലവ് വഹിക്കണം. ടിവി സംപ്രേഷണത്തിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോഗിച്ച് ഈ ഫണ്ട് തിരികെപ്പിടിക്കാമെന്നും നിർദേശത്തിലുണ്ട്.
ഐഎസ്എൽ ക്ലബ്ബുകളുടെ നിർദേശം ചർച്ച ചെയ്യാമെന്നു കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) കത്തയച്ചു. എഐഎഫ്‌എഫ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ എം.സത്യനാരായണൻ ഇന്നലെ ക്ലബ്ബുകൾക്കയച്ച കത്തിൽ, ഈ നിർദേശം പരിഗണിക്കാൻ ഫെഡറേഷൻ തയാറാണെന്നും അതിനുള്ള നിയമവശങ്ങൾ ക്രമീകരിക്കുന്നതിന് ഉടൻ സംയുക്ത യോഗം ചേരാമെന്നും അറിയിച്ചു. 20ന് നടക്കുന്ന എഐഎഫ്‌എഫ് വാർഷിക യോഗത്തിൽ ക്ലബ്ബുകളുടെ നിർദേശം അവതരിപ്പിക്കും.