
എതിരില്ലാത്ത നാല് ഗോളിന് ലയണൽ മെസ്സിയേയും സംഘത്തെയും തോൽപിച്ച് പിഎസ്ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്റർമയാമിക്കെതിരെ ആദ്യ പകുതിയിലാണ് ഫ്രഞ്ച് ക്ലബ് നാല് ഗോളുകളും നേടിയത്. ജാവോ നെവസ് ഇരട്ട ഗോളുമായി തിളങ്ങി. അഷ്‌റഫ് ഹകീമിയും ലക്ഷ്യം കണ്ടു. മയാമിയുടെ പ്രതിരോധ താരം സെൽഫ് ഗോളും വഴങ്ങി.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്കെതിരെ മയാമി രണ്ടാം പകുതിയിൽ ശക്തമായ ചെറുത്ത് നിൽപ്പാണ് നടത്തിയത്. എന്നാൽ മത്സരത്തിന്റെ ആറാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് പിഎസ്ജി ആദ്യ ഗോൾ നേടി. തകർപ്പൻ ഹെഡ്ഡറിലൂടെയാണ് പോർച്ചുഗീസ് താരം നെവസ് പന്ത് വലയിലാക്കിയത്. തുടർന്ന് ബാർകോളയും ഡുവോയും ചേർന്ന് മയാമി ബോക്‌സിലേക്ക് എത്തിയതോടെ മേജർ ലീഗ് സോക്കർ ടീം പലപ്പോഴും വെള്ളം കുടിച്ചു.
പിഎസ്ജി ആക്രമണത്തിനെതിരെ കൗണ്ടർ അറ്റാക്കിലൂടെ ലയണൽ മെസ്സിയും ലൂയി സുവാരസും എതിർബോക്‌സിലേക്ക് കുതിച്ചെത്തി. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ മയാമിക്ക് തിരിച്ചടിയായി. അവസാന മിനിറ്റുകളിൽ മെസ്സിയുടെ ഹെഡ്ഡർ ശ്രമം ഡോണറൂമ കൈപിടിയിലൊതുക്കി. ഇതോടെ ആതിഥേയരുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു.