
മയാമി: ക്ലബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ പ്രീക്വാർട്ടർ ചിത്രം തെളിഞ്ഞു. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ആർബി സാൽസ്ബർഗിനെ തോൽപിച്ചു. മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ഇറ്റാലിയൻ ക്ലബ് യുവന്റിനെ വീഴ്ത്തി.
ഇറ്റാലിയൻ ക്ലബിനായി കൂപ്‌മെയ്‌നെർസ്(11), ഡുസൻ വ്‌ളാഹോവിച്(84) ആശ്വാസ ഗോൾനേടി. മറ്റു മത്സരങ്ങളിൽ അൽഹിലാൽ 2-0ന് പാചുകയേയും എൽഐൻ ഒന്നിനെതിരെ രണ്ട് ഗോളിന് വൈഡാഡ് എസിയേയും തോൽപിച്ചു
നാളെ ആരംഭിക്കുന്ന പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ ക്ലബുകളായ പാൽമെറസും ബൊട്ടഫോഗോയും ഏറ്റുമുട്ടും. ബെനഫിക ചെൽസിയും പിഎസ്ജിക്ക് ഇന്റർ മയാമിയുമാണ് എതിരാളികൾ. നോക്കൗട്ടിൽ ഇന്റർ മിലാൻ ഫ്‌ളുമിനെൻസിനെയും മാഞ്ചസ്റ്റർ സിറ്റി അൽഹിലാലിനേയും നേരിടും. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ യുവന്റസാണ്. ഡോർട്ട്മുണ്ട് മെക്‌സിക്കൻ ക്ലബ് മൊണ്ടേറിയെ നേരിടും.